ആരാധകരെ ത്രസിപ്പിക്കുന്ന പ്രകടനത്തിനിടെ മറഡോണ തൊടുത്തു വിട്ട പന്ത് ഇവിടെയുണ്ട്

കണ്ണൂരിലെ സ്റ്റേഡിയത്തില്‍ ആരാധകരെ ത്രസിപ്പിക്കുന്ന പ്രകടനത്തിനിടെ മറഡോണ തൊടുത്തു വിട്ട  ശേഷം ആരാധകര്‍ തിരയുന്ന പന്ത് കണ്ടെത്തി. മറഡോണയുടെ സ്മരണയായി സര്‍ക്കാര്‍ സംവിധാനത്തില്‍ സൂക്ഷിക്കാന്‍ കഴിയുമെങ്കില്‍ മറഡോണയുടെ സ്പര്‍ശമേറ്റ ഫുട്ബോള്‍ കൈമാറാന്‍ തയാറാണന്ന് പന്ത് കൈവശമുളള ഫുട്ബോള്‍ താരം കെ.ടി. ഷെബിന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

ആ പന്തിനായി ഇനി തിരയേണ്ട. ഫുട്ബോള്‍ താരവും കായികാധ്യാപകനുമായ മലപ്പുറം പാണ്ടിക്കാട് സ്വദേശി കെ.ടി. ഷെബിന്‍ പൊന്നുപോലെ ആ അമൂല്യനിധി സൂക്ഷിച്ചു വച്ചിട്ടുണ്ട്. മറഡോണയ്ക്കൊപ്പം ഫുട്ബോള്‍ കളിക്കാമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് എം.എസ്.പി സ്കൂളിലെ ഫുട്ബോള്‍ ടീമിലെ അംഗങ്ങളായിരുന്ന കെ.ടി. ഷെബിനും ആഷിഖ് കുരുണിയനും അടങ്ങുന്ന ടീം അന്ന് കണ്ണൂരിലെത്തിയത്. മറഡോണ തൊടുത്തു വിട്ട ഫുട്ബോളിനായി ഒരു ജനക്കൂട്ടമാകെ ഉയര്‍ന്നു പൊങ്ങിയെങ്കിലും മികച്ച ഗോള്‍കീപ്പറുടെ  പന്തടക്കമാണ് ആ കൈപ്പിടിയിലാക്കാന്‍ ഷെബിന് തുണയായത്.

മറഡോണ കളിച്ചു കൈമാറിയ പന്ത് ഫുട്ബോള്‍ ആരാധകര്‍ക്കെല്ലാം കാണാന്‍ അവസരമുണ്ടാകണമെന്ന് ഷെബിനും ആഗ്രഹിക്കുന്നുണ്ട്. അമൂല്യവസ്തുവായി കണക്കാക്കി പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കിയാല്‍ കൈമാറാന്‍ തയാറാണ്.

മറഡോണ കളിച്ച പന്തു കാണാന്‍ ഒട്ടേറെപ്പേര്‍ ഷെബിനെ തേടിയിപ്പോള്‍ എത്തുന്നുണ്ട്.