മറഡോണയുടെ കടുത്ത ആരാധകൻ; മലപ്പുറത്തെ മൂസ മറഡോണ

മലപ്പുറം വാഴക്കാട് ഫുട്ബോള്‍ ഇതിഹാസം മറഡോണയ്ക്ക് ഒരു കടുത്ത ആരാധകനുണ്ട്. മറഡോണയോടുളള ആരാധന മൂത്ത് നാട്ടിലെ പേരു തന്നെ മൂസ മറഡോണ എന്നാണ്.

ഇത് വാഴക്കാട്ടെ ഫുട്ബോള്‍ ആരാധകരുടെ സ്വന്തം മൂസ മറഡോണ. മറഡോണയുടെ ദേഹവിയോഗമറിഞ്ഞതോടെ പണിക്കരപുറായിലെ മൂസ മറഡോണയുടെ കടയില്‍ കരിദിനമാണിപ്പോള്‍. നാട്ടിലെ ഫുട്ബോള്‍ ചര്‍ച്ചകളുടെ കേന്ദ്രവും ഈ മറഡോണയുടെ കടയാണ്. അര്‍ജന്റീനയുടെ കളിയുണ്ടെങ്കില്‍ പിന്നെ മൂസാക്കക്ക് മറ്റു ജോലികളൊന്നുമില്ല. പത്താം നമ്പര്‍ ജെഴ്സിയണിഞ്ഞ് ടി.വിയുടെ മുന്നിലുണ്ടാകും. അര്‍ജന്റീനയുടെ ഒാരോ മുന്നേറ്റത്തിലും മലപ്പുറത്ത് ഇരുന്ന് ആവേശം പകരുക കുട്ടികളേക്കാള്‍ മുന്‍പില്‍ മൂസ മറഡോണയാണ്. മറഡോണയോടുളള ഇഷ്ടമാണ് അര്‍ജന്റീനയുടെ ആരാധകനായി തുടരാനുളള കാരണം.

മൂസ നാട്ടില്‍ സ്വന്തം നിലയ്ക്ക് ഫുട്ബോള്‍ ടൂര്‍ണമെന്റുകളും സംഘടിപ്പിക്കാറുണ്ട്. ഫുട്ബോള്‍ മല്‍സരത്തിനിടെ കാണിയായിരുന്ന മൂസ അവേശം മൂത്ത് അപ്രതീക്ഷിതമായി മൈതാനത്ത് ഇറങ്ങി ഗോളില്‍ നിന്ന് ഇഷ്ട ടീമിനെ രക്ഷിച്ച കഥകളൊക്കെ നാട്ടില്‍ രസകരമായ ചര്‍ച്ചയാണ്.