വിൽപത്രം എഴുതാതെ മറഡോണ പോയി; കയ്യിൽ 3.67 കോടിമാത്രമോ?; നിയമയുദ്ധം

അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ സ്വത്തിന്റെ പേരിൽ നിയമയുദ്ധം നടന്നേക്കുമെന്നു റിപ്പോർട്ടുകൾ. മറഡോണ വിൽപത്രം എഴുതിവച്ചിട്ടില്ലെന്നതിനാൽ മക്കൾ തമ്മിൽ നിയമപ്പോരാട്ടം നടന്നേക്കുമെന്ന് ലാറ്റിനമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭൂമി, കെട്ടിടങ്ങൾ, ആഭരണങ്ങൾ, ആഡംബര കാറുകൾ എന്നിങ്ങനെ മറഡോണയ്ക്കു വൻ സമ്പാദ്യമുണ്ടെന്നാണു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. അർജന്റീന, സ്പെയിൻ, ഇറ്റലി, യുഎഇ, ബെലാറൂസ്, മെക്സിക്കോ എന്നിവിടങ്ങളിലെല്ലാം മറഡോണയ്ക്കു സ്വത്തുണ്ടത്രേ. വിവിധ ക്ലബ്ബുകളുമായുള്ള കരാറിൽ കോടിക്കണക്കിനു രൂപ സ്വന്തമാക്കിയ മറഡോണയ്ക്കു വിവിധ ബ്രാൻഡുകളുടെ പരസ്യ മോഡൽ എന്ന നിലയിലും വരുമാനമുണ്ടായിരുന്നു.

എന്നാൽ, മരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ കയ്യിൽ 5 ലക്ഷം ഡോളറേ  (3.67 കോടി രൂപ) ഉണ്ടായിരുന്നുള്ളൂവെന്നാണ് ഒരു വെബ്‍സൈറ്റ് പുറത്തുവിട്ട കണക്കുകളിലുള്ളത്. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിൽ താരത്തിന് ഏറെ പണം നഷ്ടപ്പെട്ടു. തന്റെ സമ്പാദ്യം തട്ടിയെടുത്തെന്നാരോപിച്ച് മുൻ ഭാര്യ ക്ലോഡിയയ്ക്കെതിരെ ഇടക്കാലത്ത് അദ്ദേഹം കേസ് കൊടുത്തിരുന്നു.

സ്വത്തിനായി മറഡോണയുടെ 8 മക്കളും കോടതി കയറിയേക്കാം. സ്വത്ത് വീതംവയ്ക്കുന്നതു സംബന്ധിച്ചും തർക്കമുയർന്നേക്കാം. അർജന്റീനയിലെ നിയമപ്രകാരം മരിച്ചയാളുടെ സ്വത്തിന്റെ മൂന്നിൽരണ്ട് ഭാഗത്തിൽ ഭാര്യയ്ക്കും മക്കൾക്കും അവകാശമുണ്ട്. മറഡോണയുടെ മക്കളിൽ 4 പേരാണ് അർജന്റീനയിലുള്ളത്. 3 പേർ ക്യൂബയിലും ഒരാൾ ഇറ്റലിയിലുമാണ്. ക്ലോഡിയയുടെ പെൺമക്കളായ ഡ‍ൽമ, ജിയാനിന എന്നിവരാണ് അവസാനകാലത്തു മറഡോണയുടെ കാര്യങ്ങൾ നോക്കിയിരുന്നത്. ആശുപത്രിവാസത്തിനുശേഷം മറഡോണ താമസിച്ചതും പെൺമക്കളുടെ വീടിനു സമീപത്തായിരുന്നു.