മഴ പെയ്തിട്ടും കളി നിർത്തിയില്ല; അംപയറോട് െപാട്ടിത്തെറിച്ച് കോഹ്‌ലി; വിഡിയോ

ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ രണ്ടാം ട്വന്റി–20 മല്‍സരത്തിനിടെ മഴ ശക്തിപ്പെട്ടിട്ടും പിച്ച് മൂടാതെ കളി തുടരാൻ തീരുമാനിച്ച അംപയറുടെ തീരുമാനത്തിനെതിരെ കളിക്കളത്തിൽ െപാട്ടിത്തെറിച്ച് ഇന്ത്യൻ നായകൻ വിരാട് കോ‌ഹ്‌ലി. ഓസീസിനെതിരെയുളള മത്സരത്തിൽ കളി മഴ തടസപ്പെടുന്നതിനു മുൻപായിരുന്നു കോ‌ഹ്‌ലിയുടെ നിയന്ത്രണം നഷ്ടമായത്. 

19–ാമത്തെ ഓവർ എറിയാനായി ബുംറ എത്തുന്നതിനു മുൻപ് മഴ ശക്തിപ്പെട്ടിരുന്നു. പിച്ച് നനഞ്ഞു കൊണ്ടിരുന്നിട്ടും അംപയർമാർ കളി നിർത്തിയില്ല. കോ‌ഹ്‌ലി അടുത്തെത്തി ഇക്കാര്യം സൂചിപ്പിച്ചിട്ടും മത്സരം തുടരാൻ അപംയർമാർ തീരുമാനിച്ചത് കോഹ്‌ലിയെ ചൊടിപ്പിച്ചു.  ഇതോടെ ക്ഷുഭിതനായ കോലി അമ്പയറോട് പിറുപിറുത്ത് തിരിച്ചു പോകുകയായിരുന്നു.

കനത്ത മഴയെത്തുടര്‍ന്ന് പിന്നീട് മത്സരം ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യംബാറ്റുചെയ്ത ഓസ്ട്രേലിയ 19 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എടുത്തിരുന്നു. മഴയെത്തുടര്‍ന്ന് ഇന്ത്യന്‍ വിജയലക്ഷ്യം 5 ഓവറില്‍ 46 റണ്‍സായി പുനര്‍ നിര്‍ണയിച്ചെങ്കിലും കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. പുറത്താകാതെ 32 റണ്‍സെടുത്ത ബെന്‍ മക്ഡര്‍മോട്ടിന്റേയും 9 പന്തില്‍ നിന്ന് 18 റണ്‍സെടുത്ത കോള്‍ട്ടര്‍ നൈലിന്റേയും ഇന്നിങ്സാണ് ഓസീസിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. 

ഖലീല്‍ അഹമ്മദും ഭുവനേശ്വര്‍ കുമാറും ഇന്ത്യയ്ക്കായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മൽസരത്തിന്റെ രണ്ടാം പന്തിൽ തന്നെ ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ചിനെ ഭുവനേശ്വർ കുമാർ ഋഷഭ് പന്തിന്റെ കയ്യിലെത്തിച്ചാണ് ഇന്ത്യൻ വിക്കറ്റുവേട്ടയ്ക്കു തുടക്കമിട്ടത്. മൂന്നു മൽസര പരമ്പരയിലെ ആദ്യത്തേതിൽ മഴ നിയമത്തിന്റെ ആഘാതത്തിൽ നാലു റൺസിന് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയിരുന്നു. മൂന്ന് മല്‍സരങ്ങളുള്ള പരമ്പരയില്‍ ഓസ്ട്രേലിയ 1–0 ന് മുന്നിലാണ്.