അടുത്ത ഐപിഎല്ലിൽ ഇന്ത്യൻ ബോളർമാർ വേണ്ടെന്ന് കോഹ്‌ലി; അമ്പരന്ന് ആരാധകർ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിൽ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് വിശ്രമം അനുവദിക്കണമെന്ന നിര്‍ദേശവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ലോകകപ്പ് കണക്കിലെടുത്താണ് നിർദേശം. 2019 ഏപ്രിൽ, മെയ് മാസങ്ങളിൽ ഇംഗ്ലണ്ടിലാണ് ലോകകപ്പ്. മാർച്ച് മാര്‍ച്ച് 29ന് തുടങ്ങുന്ന ഐപിഎല്‍ സീസണ്‍ മെയ് 19നാണ് അവസാനിക്കുക.

ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ ടീം കാഴ്ചവച്ച ദയനീയ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ബിസിസിഐയുടെ ഇടക്കാല ഭരണ സമിതി വിളിച്ചുചേർത്ത റിവ്യൂ യോഗത്തിലാണ് കോഹ്‌ലിയും ടീം മാനേജ്മെന്റും ഈ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്. ബോളർമാരുടെ കാര്യത്തിൽ മാത്രമാണ് കോഹ്‍ലി നിർദേശം മുന്നോട്ടുവെച്ചത്. ബാറ്റ്സ്മാൻമാർക്ക് ഐപിഎൽ കളിക്കാം. 

ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിന് മുമ്പ് 15 ദിവസത്തെ ഇടവേള മാത്രമാണ് കളിക്കാര്‍ക്ക് ലഭിക്കുക. എന്നാല്‍ കോഹ്‌ലിയുടെ ആവശ്യത്തിന് ഫ്രാഞ്ചൈസികളില്‍ നിന്ന് കാര്യമായ പിന്തുണ ലഭിക്കാനിടയില്ലെന്നാണ് സൂചന. ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ പ്രധാന ബൗളര്‍മാരായ ജസ്പ്രീത് ബൂമ്രക്കും ഭുവനേശ്വര്‍ കുമാറിനും പൂര്‍ണ വിശ്രമം അനുവദിക്കണമെന്നാണ് കോഹ്‌ലിയുടെ പ്രധാന ആവശ്യം. ഐപിഎല്ലിൽ പങ്കെടുക്കാത്തതിന്റെ പേരിൽ ഈ താരങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം ബിസിസിഐ നികത്തണമെന്ന നിർദ്ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്. 

നിര്‍ദേശത്തില്‍ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മയോട് ഇടക്കാല ഭരണസിമിതി തലവന്‍ വിനോദ് റായ് അഭിപ്രായം ആരാഞ്ഞിരുന്നു. എന്നാല്‍ മുംബൈ ഐപിഎല്‍ ഫൈനലിലെത്തിയാല്‍ ബൂമ്രയെ കളിപ്പിക്കാതിരിക്കാന്‍ തനിക്കാവില്ലെന്നായിരുന്നു മുംബൈ നായകന്‍ കൂടിയായ രോഹിത്തിന്റെ അഭിപ്രായം.എന്നാല്‍, വൻതുക മുടക്കി താരങ്ങളെ ടീമിലെത്തിച്ച ക്ലബ്ബുകൾ ഈ നിർദ്ദേശത്തോട് അനുകൂലമായി പ്രതികരിക്കാനിടയില്ലെന്നുതന്നെയാണ് സൂചനകള്‍. ഇടക്കാല ഭരണസമിതി അംഗങ്ങൾക്കു പുറമെ ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദ്, പരിശീലകൻ രവി ശാസ്ത്രി, ക്യാപ്റ്റൻ വിരാട് കോഹ്‍ലി, രോഹിത് ശർമ, അജിങ്ക്യ രഹാനെ തുടങ്ങിയവരും യോഗത്തിനുണ്ടായിരുന്നു.