പാകിസ്താനെ പേടിച്ച് കോഹ്‌ലി ഒളിച്ചോടി; തിരിച്ചടിച്ച് ഗംഭീർ; കയ്യടി

പരുക്ക് മൂലം ഏഷ്യാ കപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യൻ ക്യാപ്റ്റൻ‌ വിരാട് കോഹ്‌ലിയെ പരിഹസിച്ച് പാക് മുൻ താരം തൻവീർ അഹമ്മദ്. പാകിസ്താനെ പേടിച്ച് കോഹ്‌ലി ഒളിച്ചോടിയതാണെന്ന് തൻവീർ പരിഹസിച്ചു. ഒരു ടെലിവിഷൻ പരിപാടിക്കിടെയാണ് തന്‍വീറിന്റെ വിവാദപരാമർശം.

''ഇംഗ്ലണ്ട് പര്യടനത്തിലുടനീളം കോഹ്‌ലി കളിച്ചിരുന്നു. അവസാന ഏകദിനത്തിൽ നടുവേദന അലട്ടിയിട്ടും കോഹ്‌ലി കളി തുടർന്നു. ടെസ്റ്റിലും കളിച്ചു. ഏഷ്യാ കപ്പിലും കോഹ്‍ലി കളിക്കേണ്ടതായിരുന്നു. ഫൈനൽ ഉൾപ്പെടെ മൂന്ന് മത്സരങ്ങൾ പാകിസ്താനെതിരെ ഇന്ത്യ കളിക്കേണ്ടിവരും. ഇത് മനസ്സിലാക്കി കോഹ്‌‍ലി ഒളിച്ചോടി, തൻവീർ പറഞ്ഞു.

ഗൗതം ഗംഭീറും പരിപാടിയിൽ തൻവീറിനൊപ്പം പങ്കെടുത്തിരുന്നു. കോഹ്‌ലിയെ കളിയാക്കിയ തൻവീറിന് ഗംഭീർ മറുപടി നൽകുകയും ചെയ്തു. ഏകദിനത്തിൽ 35 സെഞ്ച്വറികൾ സ്വന്തം പേരിലുള്ള താരമാണ് കോഹ്‌ലി. തൻവീർ 35 രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുണ്ടോ എന്നുപോലും ഉറപ്പില്ല, ഗംഭീറിന്റെ മറുപടി ഇന്ത്യൻ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. 

അഞ്ച് ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും ഒരു ടിട്വന്റിയും മാത്രമാണ് തൻവീർ കളിച്ചിട്ടുള്ളത്. സമ്പാദ്യമാകട്ടെ 20 വിക്കറ്റുകളും. ഏതായാലും ഗംഭീറിന്റെ മറുപടി ചേര്‍ത്ത് പാക് താരത്തെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ.