കെ.പി. തോമസിന്റെ തൊടുപുഴ സ്പോർട്സ് അക്കാദമിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ

കെട്ടിടം ഒഴിയാനുള്ള ഹൈക്കോടതി വിധിയെ തുടർന്ന്‌ ദ്രോണാചാര്യ കെ.പി. തോമസിന്റെ നേതൃത്വത്തിലുള്ള തൊടുപുഴ വണ്ണപ്പുറത്തെ സ്പോർട്സ് അക്കാദമിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ. ദേശിയ ചാംപ്യൻഷിപ്പുകളിൽ വരെ നേട്ടങ്ങൾ കൈവരിച്ച 82 കായിക താരങ്ങളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായത്. 

വണ്ണപ്പുറത്തെ എയ്ഡഡ് സ്കൂളുമായ് ബന്ധപ്പെട്ട് കെ.പി. തോമസിന്റെ നേത്യത്വത്തിൽ ഒമ്പതു വർഷമായ് പ്രവർത്തിക്കുന്ന കായിക അക്കാദമി ഈ മാസം 24നകം ഒഴിപ്പിക്കാനാണു് ഹൈക്കോടതി ഉത്തരവ്. എന്നാല്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് സ്കൂള്‍ മാനേജ്മെന്റ് അനുകൂലവിധിനേടിയതെന്നാണ് തോമസ് മാഷിന്റെ പക്ഷം. പ്രശ്നത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് ആവശ്യം. 

പ്ലസ് ടു തലംവരെയുള്ള സ്കൂളിലെ 82 കായികതാരങ്ങളുടെ ഭാവിയാണ് പ്രതിസന്ധിയിലായത്.മാനേജ്മെന്റിലെ തർക്കംമൂലം വർഷങ്ങൾക്കു മുമ്പേ സ്കൂളിന്റെ നിയന്ത്രണം സർക്കാർ ഏറ്റെടുത്തിരുന്നു. എന്നിട്ടും തോമസ് മാഷിനെതിരെ മാനേജ്മെന്റ്  കോടതിയെ സമീപിക്കുകയായിരുന്നു.