'കോഹ്‍ലി ഇല്ലെങ്കിലെന്ത്?' പുതിയ തന്ത്രങ്ങൾക്ക് പാകിസ്താൻ; പോരാട്ടത്തിനൊരുങ്ങി ഇന്ത്യ

ഏഷ്യാ കപ്പിൽ നിലവിലെ ചാംപ്യൻമാരായ ഇന്ത്യ നാളെ ബന്ധവൈരികളായ പാകിസ്താനെ നേരിടും. പരുക്ക് അലട്ടുന്ന വിരാട് കോഹ്‍ലിക്ക് പകരം രോഹിത് ശർമയാകും ടീമിനെ നയിക്കുക. ഇംഗ്ലണ്ട് പര്യടനത്തിനുശേഷം തിരിച്ചെത്തിയ കോഹ്‌ലി വിശ്രമത്തിലാണ്.

കോഹ്‌ലിയുടെ അഭാവം ട‍ീം ഇന്ത്യയെ ബാധിക്കുമെന്ന പരാതി ആരാധകർ ഒന്നടങ്കം ഉന്നയിക്കുമ്പോൾ പാകിസ്താൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദിന് അത്തരം സംശയങ്ങളൊന്നുമില്ല. 

വിരാട് കോഹ്‍ലിയില്ലെങ്കിലും ഇന്ത്യ മികച്ച ടീം തന്നെയാണെന്ന് സർഫറാസ് പറയുന്നു. ''ലോകോത്തര ബാറ്റ്സ്മാൻ ആണ് കോഹ്‌ലിയെന്നതിൽ സംശയമൊന്നുമില്ല. പക്ഷേ കോഹ്‍ലിയില്ലെങ്കിലും ഇന്ത്യ മികച്ച ടീം ആണ്.''

''ടീമിൽ മികച്ച കളിക്കാരുണ്ട്. അതുകൊണ്ട് കോഹ്‍ലിയുടെ അഭാവം കാര്യമായ വ്യത്യാസമുണ്ടാക്കുമെന്ന് കരുതുന്നില്ല. ബാറ്റിങ് നിര ശക്തമാണ്. അതിനാൽ മികച്ച പോരാട്ടമായിരിക്കും നാളത്തേത്'', സർഫറാസ് പറഞ്ഞു. 

ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയെ തകർത്ത് കിരീടം നേടിയതിന്റെ ആനുകൂല്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ;

''ചാംപ്യൻസ് ട്രോഫിയൊന്നും നാളത്തെ മത്സരത്തിൽ മനസ്സിൽ വെക്കാൻ ഉദ്ദേശിക്കുന്നില്ല. തീർത്തും വ്യത്യസ്തമായ അന്തരീക്ഷവും സാഹചര്യങ്ങളുമായിരുന്നു ലണ്ടനിലേത്. ഒരുവർഷം മുൻപത്തെ ആ നേട്ടമെല്ലാം ഇനി ചരിത്രമാണ്. പുതിയ തന്ത്രങ്ങളുമായാണ് നാളത്തെ മത്സരത്തിനിറങ്ങുക''

ഹൈ വോൾട്ടേജ് മത്സരമെന്നാണ് ഇന്ത്യ–പാകിസ്താൻ പോരാട്ടത്തെ സൗരവ് ഗാംഗുലി വിശേഷിപ്പിച്ചത്. കോഹ്‌ലിയുടെ അഭാവം ഇന്ത്യയെ ബാധിക്കില്ലെന്ന് ഗാംഗുലിയും അഭിപ്രായപ്പെട്ടു.

കോഹ്‌ലിയില്ലാത്തതിന്റെ നിരാശ നേരത്തെ സഹതാരങ്ങളും ആരാധകരും പങ്കുവെച്ചികുന്നു. 

ഏഷ്യാ കപ്പിൽ ഹോ‌ങ്കോങ്ങ് ആണ് ഇന്ത്യയുടെ ആദ്യ എതിരാളി.