കോഹ്‌ലിയെ പഴിച്ചിട്ട് കാര്യമില്ല; തോല്‍വിയുടെ ആറു കാരണങ്ങളിതാ

ഇംഗ്ലണ്ടില്‍ കളിച്ചു ജയിക്കാന്‍ ഇന്ത്യ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. കിട്ടിയ അവസരങ്ങള്‍ മുതലാക്കാന്‍ കഴിയാത്ത ഇന്ത്യ പരമ്പരയില്‍ പലപ്പോഴും തോല്‍വി ഇരന്നുവാങ്ങുകയായിരുന്നു. അഞ്ചു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഒരുമല്‍സരം ജയിച്ചതില്‍ ഇന്ത്യയ്ക്ക് ആശ്വസിക്കാം. ബാറ്റിങ്ങില്‍  വിരാട് കോഹ്‌ലി എന്ന ക്യാപ്റ്റനെ മാത്രം ആശ്രയിച്ചത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ആറു കാരണങ്ങളാണ് പരമ്പര കൈവിടാന്‍ കാരണമായത്. 

1. ഓപ്പണിങ് ബാറ്റ്സ്മാന്മാരുടെ പരാജയം

മൂന്ന് ഓപ്പണര്‍മാരാണ് ഇന്ത്യയുടെ സംഘത്തില്‍ ഉണ്ടായത്. ശിഖര്‍ ധവാന്‍, മുരളി വിജയ്, കെ.എല്‍.രാഹുല്‍. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലെ നാലു ടെസ്റ്റ് കഴിഞ്ഞിട്ടും ഇവരിലാരും ഒരു അര്‍ധസെഞ്ചുറി നേടിയില്ലെന്നത് ഓപ്പണിങ് എത്രദയനീയം എന്ന് സൂചിപ്പിക്കുന്നു. ധവാന്‍ മൂന്ന് മല്‍സരത്തില്‍ നിന്ന് 158റണ്‍സും വിജയ് ആകെ 26റണ്‍സും രാഹുല്‍ നാല് മല്‍സരത്തില്‍ നിന്ന് 113റണ്‍സുമാണ് നേടിയത്. രാഹുലും ധവാനും ചേര്‍ന്ന് 60റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ വിജയം നേടിയെന്നത് ഓപ്പണിങ്ങിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. 

2. ബാറ്റിങ്ങില്‍ ആശ്രയം കോഹ്‌ലി മാത്രം

നാലു മല്‍സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറി ഉള്‍പ്പെടെ 544റണ്‍സാണ് ക്യാപ്റ്റന്‍ കോഹ്‌ലി നേടിയത്. ശരാശരി 68റണ്‍സിലുമെത്തി. 2014ല്‍ 13.50ആയിരുന്നു കോഹ്‌ലിയുടെ ബാറ്റിങ് ശരാശരി. നാലുവര്‍ഷത്തിനുശേഷം വീണ്ടും ഇംഗ്ലണ്ടിലെത്തിയ കോഹ്‌ലി നന്നായി ഗൃഹപാഠം ചെയ്തുവെന്ന് വ്യക്തം. എന്നാല്‍  ക്യാപ്റ്റന്റെ സമീപനമോ, റണ്‍ദാഹമോ മറ്റ് ബാറ്റ്സ്ന്മാരില്‍ കാണാനായില്ല. 

3.‘വാലറ്റം’തുടരുന്ന ഇന്ത്യ

മറ്റ് ടീമുകള്‍ വാലില്‍ കുത്തി ഉയരുന്ന കാഴ്ച പല മല്‍സരങ്ങളിലും കാണാനായി,എന്നാല്‍ ഇന്ത്യയുടെ ബാറ്റിങ് വാലറ്റം, വാലറ്റമായി തന്നെ തുടരുന്നു. ഇംഗ്ലണ്ട് ബാറ്റിങ്നിര തകര്‍‌ന്ന രണ്ട് അവസരത്തില്‍ അവരുടെ വാലറ്റമാണ് വിജയിച്ചത്. ക്രിസ് വോക്സ് ഒരു വട്ടം സെഞ്ചുറിയിലൂടെയും സാം കരന്‍ രണ്ടുവട്ടവും ഇംഗ്ലണ്ടിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. ആദ്യ ടെസ്റ്റില്‍ ഏഴിന് 87ല്‍ നിന്നും നാലാം ടെസ്റ്റില്‍‌ ആറിന് 86ല്‍ നിന്നും ഇംഗ്ലണ്ട് കരകയറിയത് വാലറ്റത്തിന്റെ മികവിലാണ്.

4. നിര്‍ണായക ഘട്ടത്തില്‍ മേല്‍ക്കൈ നഷ്ടപ്പെടുത്തുന്നു

രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്സിലും ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ചയിലേക്ക് തള്ളിയിടുന്നതില്‍ ഇന്ത്യയുടെ ബോളിങ് നിര വിജയിച്ചു. എന്നാല്‍ വാലറ്റത്തിന്റെ ചെറുത്ത്നില്‍പ് തോല്‍പിക്കാന്‍ ഇന്ത്യയ്ക്കായില്ല. ബോളിങ്ങില്‍ മാത്രമല്ല, ബാറ്റിങ്ങിലും ഇത് കാണാനായില്ല നാലാം ടെസ്റ്റിലെ ഇന്ത്യയുടെ തകര്‍ച്ച തന്നെ ഉദാഹരണം.

5. വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്ന്മാര്‍ പരാജയം

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്ന്മാരായ ദിനേശ് കാര്‍ത്തിക്കും റിഷഭ് പന്തും തീര്‍ത്തും നിരാശപ്പെടുത്തി.  എങ്കിലും പരിചയസമ്പന്നനായ കാര്‍ത്തിക്കിനെക്കാളും പുതുമുഖം പന്ത് പ്രതീക്ഷ നല്‍കുന്നു.  കാര്‍ത്തിക് രണ്ട് മല്‍സരത്തില്‍ നിന്ന് നേടിയത് 21റണ്‍സ് മാത്രം. പന്ത് രണ്ട് മല്‍സരത്തില്‍ നിന്ന് നേടിയത് 43റണ്‍സ്. മറുവശത്ത് ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്ന്മാര്‍ മികവോടെ നിന്നു. ജോസ് ബട്്ലര്‍  നാലു മല്‍സരത്തില്‍ നിന്ന് സെഞ്ചുറി ഉള്‍പ്പെടെ 260റണ്‍സും ബ്രെയ്സ്റ്റോ നാലുമല്‍സരത്തില്‍ നിന്ന് 212 റണ്‍സും നേടി. 

6. യുദ്ധമുറിയില്‍ തന്ത്രങ്ങളില്ല

ഇന്ത്യയുടെ യുദ്ധമുറിയില്‍ (പരിശീലനസംഘം) തന്ത്രങ്ങള്‍ ഒരുക്കുന്നതില്‍ പരാജയപ്പെട്ടു. അത് ടീം സിലക്ഷനിലും കാണാനായി. രണ്ടാം ടെസ്റ്റില്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഉള്‍പ്പെടുത്തിയത് തന്നെ ഉദാഹരണം. ഇംഗ്ലണ്ടിലെ കാലാവസ്ഥ എപ്പോള്‍ വേണമെങ്കിലും മാറാമെന്നിരിക്കെ തലേദിവസത്തെ വെയില്‍ കണ്ട് സ്പിന്നറെ ഉള്‍പ്പെടുത്തുകയായിരുന്നു. ബാറ്റിങ്ങ് നിരയ്ക്ക് വേണ്ട മാര്‍ഗനിര്‍ദേശം നല്‍കുന്നതിലും നിര്‍ണായകഘട്ടങ്ങളില്‍ മല്‍സരങ്ങളില്‍ ആധിപത്യം പുലര്‍ത്താന്‍ വേണ്ട തന്ത്രങ്ങള്‍ ഒരുക്കുന്നതിലും പരിശീലക സംഘം പരാജയപ്പെട്ടു.  

ഇനിയെങ്കിലും വിദഗ്ധരുടെ സ്പെഷലിസ്റ്റുകളുടെ സഹായം പ്രത്യേകിച്ച് വിദേശത്ത് ബാറ്റിങ് വിജയം നേടിയിട്ടുള്ള രാഹുല്‍ ദ്രാവിഡിന്റെ സേവനം തേടാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് തയാറാവണം. പേസ് ബോളിങ് സാഹചര്യങ്ങളില്‍ ബാറ്റുചെയ്യാനുള്ള അവസരങ്ങള്‍ കൂടുതലായി ഒരുക്കണം.