ഇടംകൈ ചോർന്നിട്ടും പിടിവിടാതെ ഗെയ്ൽ; മാസ്മരിക ക്യാച്ചിന് കയ്യടി: വിഡിയോ

ക്രിസ് ഗെയ്‌ൽ എന്ന ഫീൽഡർക്ക് കയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകം. കാനഡയില്‍ നടന്ന ഗ്ലോബല്‍ ടിട്വന്റി ലീഗ് മത്സരത്തിലെ ഗെയ്‌ലിന്റെ ക്യാച്ചാണ് ക്രിക്കറ്റ് ആരാധകരെ ത്രസിപ്പിച്ചിരിക്കുന്നത്. വെസ്റ്റിന്‍ഡീസ് ബി ടീമും വാന്‍കോവര്‍ നൈറ്റ്സും തമ്മില്‍ നടന്ന ഫൈനല്‍ മത്സരത്തിലാണ് ഗെയ്‌ലിന്റെ മാസ്മരിക ക്യാച്ച്. മത്സരത്തില്‍ രണ്ട് റണ്‍സ് മാത്രമാണ് നേടിയതെങ്കിലും തകര്‍പ്പന്‍ ക്യാച്ച് മത്സരത്തില്‍ നിര്‍ണായകമായി. 

ലെഗ് സ്പിന്നര്‍ ഫവാദ് അഹമ്മദിന്റെ പന്തില്‍ വെസ്റ്റിന്‍ഡീസ് ബി താരം കാവെം ഹോഡ്ജിന്റെ വിക്കറ്റാണ് ഗെയ്‌ലിന്റെ കൈയിലൊതുങ്ങിയത്.സ്ലിപ് പൊസിഷനിൽ നിൽക്കുകയായിരുന്നു ഗെയ്‌ൽ. ഫവാദ് അഹമ്മദിന്റെ പന്തിൽ കവെം ഹോഡ്‌ജിനെ പുറത്താക്കാൻ ഗെയ്ൽ പന്ത് കൈപ്പിടിയിലൊതുക്കിയത് അവിശ്വസനീയമായായിരുന്നു. സ്ലിപിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഗെയ്ൽ ഡൈവ് ചെയ്ത് ഇടംകൈകൊണ്ട് ക്യാച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും പന്ത് തട്ടിത്തെറിച്ചു. എന്നാല്‍ അത്ഭുതകരമായി തിരിഞ്ഞു വീഴുന്നതിനിടയില്‍ വലംകൈ കൊണ്ട് ഗെയ്ല്‍ പന്ത് കൈപ്പിടിയിലൊതുക്കി.വെസ്റ്റിന്‍ഡീസ് ബി മുന്നോട്ട് വച്ച 146 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വാന്‍കോവര്‍ നൈറ്റ്‌സ് മറികടന്നു.