കുട്ടികളെ പോലെ കരയേണ്ട; ഗെയിലിന് വിക്കറ്റില്ല; പൊട്ടിച്ചിരിച്ച് അംപയർ

കൂറ്റൻ സിക്സറുകൾ കൊണ്ട് മാത്രമല്ല ഡാൻസ് കൊണ്ടും കളിക്കളത്തിലെ ഭാവങ്ങൾ കൊണ്ടും ആരാധകരെ സന്തോഷിപ്പിക്കാൻ മടിയില്ലാത്ത ആളാണ് ക്രിസ്ഗെയിൽ. ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര ട്വന്റി20 ടൂർണമെന്റായ എംസാൻസി സൂപ്പർ ലീഗിൽ ഗെയിലിന്റെ പ്രകടനമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ജോസി സ്റ്റാർസും പാർ‌ റോക്സും തമ്മിൽ നടന്ന മത്സരത്തിനിടയിലായിരുന്നു ഗെയിലിന്റെ ചിരിമരുന്ന്.

ജോസി സ്റ്റാർസ് താരമാണ് ഗെയിൽ. ആദ്യം ബാറ്റ് ചെയ്തത് ഗെയിലിന്റെ ടീമായിരുന്നുവെങ്കിലും ഒരു റൺസാണ് താരം നേടിയത്. ബൗളിങിനിടയിൽ ഗെയ്‌ലിന്റെ അവസാന പന്ത് പാർ റോക്സ് താരം ഹെൻറി ഡേവിഡ്സിന്റെ പാഡിലിടിച്ചതോടെ ഗെയ്‌ൽ എൽബിക്കായി അപ്പീൽ ചെയ്തു. ദീർഘനേരം അപ്പീൽ ചെയ്ത ഗെയ്‌ൽ, ഒടുവിൽ കൊച്ചുകുട്ടി കരയുന്നതിനു സമാനമായ മുഖഭാവത്തോടെയും അപ്പീൽ തുടർന്നു. എന്നാൽ അംപയർ നോട്ടൗട്ട് തീരുമാനത്തിൽനിന്ന് പിൻമാറിയില്ലെന്ന് മാത്രമല്ല, ഗെയ്‌ലിന്റെ മുഖഭാവം കണ്ട് പൊട്ടിച്ചിരിക്കുകയും ചെയ്തു. 

മത്സരത്തിൽ ഈ ഒരു ഓവർ മാത്രമേ ഗെയ്‍ൽ എറിഞ്ഞുള്ളൂ. ജോസി സ്റ്റാർസ് മത്സരം ജയിക്കുകയും ചെയ്തു. കളിക്കളത്തിൽ ക്രിക്കറ്റ് ഉഷാറാക്കുന്ന കാര്യത്തിൽ ഗെയിലിനെ പോലെ മുൻപന്തിയിലാണ് ബ്രാവോയും കീറൺ പൊള്ളാർഡും. എന്തായാലും ഗെയിലിന്റെ പുതിയ ഭാവം ആഘോഷമാക്കുകയാണ് ആരാധകർ.