ആകാംക്ഷയ്ക്ക് വിരാമം; വിരമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ക്രിസ് ഗെയിൽ

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ക്രിസ് ഗെയില്‍. ഐസിസിയുടെ ഫേസ്ബുക്ക് ലൈവിലൂടെയാണ് ക്രിസ് ഗെയില്‍ ആരാധകരുടെ ആകാംഷയ്ക്ക് വിരാമമിട്ടത്. അവസാന ലോകകപ്പാണിതെന്ന് പറഞ്ഞ ഗെയില്‍ വിടവാങ്ങല്‍ മല്‍സരം ജന്‍മനാടായ ജമൈക്കയിലായിരിക്കുമെന്നും പറഞ്ഞു. 

ഓസ്ട്രേലിയയ്ക്കെതിരായ മല്‍സരത്തില്‍ ക്രിസ് ഗെയിലിന്റെ പെരുമാറ്റരീതിയാണ് വിരമിക്കല്‍ മല്‍സരമാണോയിതെന്ന സംശയത്തിന് ഇടവരുത്തിയത്. പുറത്തായശേഷം കാണികളെ അഭിവാദ്യം െചയ്ത് കളംവിട്ട ഗെയില്‍ ഗ്ലൗസ് ആരാധകര്‍ക്ക് നല്‍കുകയും ചെയ്തു. വിക്കറ്റെടുത്തശേഷമുള്ള ഓസീസ് താരം മിച്ചല്‍ മാര്‍ഷിനൊപ്പമുള്ള ആഘോഷം കൂടി കണ്ടതോടെ ആരാധകര്‍ ഉറപ്പിച്ചു യുണിവേഴ്സ് ബോസ് കളമൊഴിയുന്നു. എന്നാല്‍ ഐസിസിയുടെ ഫേസ്ബുക്ക് ലൈവ് ഷോയിലെത്തിയ ഗെയില്‍ മനസ് തുറന്നു.  ''താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടില്ല. ലോകകപ്പിലെ മോശം പ്രകടനമെല്ലാം മറന്ന് ഓസ്ട്രേലിയയ്ക്കെതിരായ മല്‍സരത്തിലെ ഓരോ നിമിഷവും മതിമറന്ന് ആസ്വദിച്ചു.  കാരണം ഇത് തന്റെ അവസാന ലോകകപ്പാണ്. ഒരു ലോകകപ്പുകൂടി കളിക്കാന്‍ താല്‍പര്യമുണ്ട്. പക്ഷേ ക്രിക്കറ്റ് ബോര്‍ഡ് അനുവദിക്കില്ല. പകരം ജമൈക്കയില്‍ സ്വന്തം നാട്ടുകാര്‍ക്കുമുന്നില്‍ വിടവാങ്ങല്‍ മല്‍സരം കളിക്കാന്‍ അവര്‍ അവസരം തന്നിരിക്കുന്നു.  മനോഹമായ കരിയറിന് നാട്ടുകാരുടെ ആര്‍പ്പുവിളികളുടെ അകമ്പടിയോടെ ഞാന്‍ അവസാനമിടും '' ഗെയില്‍ പറഞ്ഞു. ജമൈക്കന്‍ തലസ്ഥാനമായ കിങ്സ്റ്റനിലെ സബീന പാര്‍ക്കിലായിരിക്കും ഗെയിലിന്റെ വിടവാങ്ങല്‍ മല്‍സരം.  വിന്‍ഡീസിനൊപ്പം രണ്ടു ലോകകിരീടം നേടിയ ക്രിസ് ഗെയില്‍ പ്രഥമ 20–20 ലോകകപ്പില്‍ തന്നെ ആദ്യ സെഞ്ചുറിയും സ്വന്തം പേരില്‍ കുറിച്ചു

ട്വന്റി–20 കരയറിലാകെ 14,321 റണ്‍സ്. 22 സെഞ്ചുറികള്‍. സമാനതകളില്ലാത്തെ പ്രകടനം പുറത്തെടുത്താണ്  കുട്ടിക്രിക്കറ്റിന്റെ ബ്രാഡ്മാന്‍ കളമൊഴിയുന്നത്.