'യൂണിവേഴ്സ് ബോസിനെ കണ്ടുമുട്ടി'; വിജയ് മല്യയെ 'പിടിച്ച്' ക്രിസ് ഗെയ്‌ല്‍

സാമ്പത്തിക തട്ടിപ്പു കേസിനു പിന്നാലെ രാജ്യംവിട്ട വിവാദ വ്യവസായി വിജയ് മല്യക്കൊപ്പം വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്‌ല്‍. ഇരുവരുമൊന്നിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വിജയ് മല്യയാണ് ചിത്രം ട്വീറ്റ് ചെയ്തത്. ‘എന്റെ പഴയ ഉറ്റചങ്ങാതി ക്രിസ്റ്റഫർ ഹെൻറി ഗെയ്‌ൽ എന്ന യൂണിവേഴ്സ് ബോസിനെ വീണ്ടും കണ്ടുമുട്ടാനായതിൽ അതിയായ സന്തോഷം. ഗെയ്‌ലിനെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിൽ എടുത്തതിനു ശേഷം ഉറ്റചങ്ങാതിമാരാണു ഞങ്ങൾ. ഒരു താരത്തെ ഏറ്റവും മികച്ച രീതിയിൽ സ്വന്തമാക്കിയത് ഇത്തരത്തിലായിരിക്കും.’– എന്ന അടിക്കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.

ഐപിഎൽ ഫ്രാഞ്ചൈസി റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മുൻ ഉടമയായിരുന്നു മല്യ. 2011–17 കാലഘട്ടത്തിൽ ബാംഗ്ലൂരിന്റെ പ്രമുഖ താരമായിരുന്നു ഗെയ്ൽ. മല്യയുടെ ട്വീറ്റിനു മണിക്കൂറുകൾക്കകം ലഭിച്ചത് 60,000ൽ അധികം ലൈക്കും 2500ൽ അധികം റീട്വീറ്റുമാണ്. 2011 സീസണിൽ പകരക്കാരനായാണു ബാംഗ്ലൂരിലെത്തിയതെങ്കിലും പിന്നീട് ഉജ്വല ബാറ്റിങ് ഫോമിലൂടെ ലീഗിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളെന്ന പ്രതാപത്തിലേക്കും ഗെയ്ൽ ഉയർന്നിരുന്നു.കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽനിന്നു ബാംഗ്ലൂരിലെത്തിയ ഗെയ്‌ൽ പിന്നീടു പഞ്ചാബ് കിങ്സിനായും കളിച്ചിട്ടുണ്ട്. ഇത്തവണ നടന്ന ഐപിഎൽ മെഗാ താരലേലത്തിൽനിന്നു പിന്മാറിയ ഗെയ്‌ൽ അടുത്ത വർഷം ലീഗിലേക്കു മടങ്ങിയെത്താനുള്ള സന്നദ്ധതയും പിന്നീട് അറിയിച്ചിരുന്നു.

ഐപിഎല്ലിൽ 142 മത്സരങ്ങളിൽ 39.72 ശരാശരിയിൽ 4965 റൺസാണു ഗെയ്‌ലിന്റെ നേട്ടം. 148.96 ആണ് സ്ട്രൈക്ക് റേറ്റ്. 6 സെഞ്ചറികളാണു ലീഗിലെ നേട്ടം. പുണെ വോറിയേഴ്സിനെതിരെ 2013 സീസണിൽ ഗെയ്ൽ പുറത്താകാതെ നേടിയ 175 റൺസാണ് ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിൽത്തന്നെ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ.