തോൽവിയിൽ മകനെ ബലിയാടാക്കി; 'ഓസിൽ ജർമന്‍ ടീമിൽ തുടരരുത്'; ആഞ്ഞടിച്ച് പിതാവ്

ലോകകപ്പില്‍ ജര്‍മനിയുടെ തോല്‍വിയില്‍ മെസൂട്ട് ഓസിലിനെ ബലിയാടാക്കിയെന്ന ആരോപണവുമായി പിതാവ് രംഗത്ത്. നിലവിലെ സാഹചര്യത്തില്‍ ഓസില്‍ ടീമില്‍ തുടരരുതെന്ന് മുസ്തഫ പറഞ്ഞു. ഇരട്ടപൗരത്വമുള്ള ഓസില്‍ ടര്‍ക്കിഷ് പ്രസിഡന്റ് തായിപ് ഒര്‍ഡോഗനൊപ്പം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തത് വലിയ വിവാദമായിരുന്നു.

ജര്‍മനിക്ക് ഫുട്ബോളെന്നാല്‍ ദേശീയ വികാരമാണ്. കളക്കളത്തില്‍ കൈമെയ് മറന്ന് പോരടിക്കും. നിലവിലെ ചാംപ്യന്‍മാരെന്ന വമ്പുമായാണ് ഇത്തവണ റഷ്യയിലേയ്ക്ക് വണ്ടികയറിയത്. പക്ഷെ ഈ ഒരൊറ്റ ചിത്രം ജര്‍മന്‍ ടീമിനെ ആകെ ഉലച്ചുകളഞ്ഞു. കുടിയേറ്റ പ്രശ്നങ്ങള്‍ ജര്‍മനിയില്‍ കൊടികുത്തി വാഴുമ്പോഴാണ് ഓസിലും ടര്‍ക്കിഷ് പ്രസിഡന്റ് തായിപ് ഒര്‍ഡോഗനും ഒന്നിച്ചുള്ള ചിത്രം പുറത്തുവരുന്നത്. ടര്‍ക്കിഷ് വംശജരായ ഓസിലിന്റെ കുടുംബം ജര്‍മനിയിലേയ്ക്ക് കുടിയേറിവരാണ്. പക്ഷെ മുന്‍പൊരിക്കലും ഉണ്ടാകാത്ത വിവാദങ്ങളാണ് ജര്‍മന്‍ ടീമില്‍ ഉടലെടുത്തത്. അതും ലോകകപ്പ് പോരാട്ടം പടിവാതില്‍ക്കല്‍ നില്‍ക്കെ. ഗ്രൂപ്പില്‍ മെക്സിക്കോയ്ക്കെതിരായ ആദ്യമല്‍സരത്തില്‍ തന്നെ അത് പ്രതിഫലിച്ചു.

അവസാന മല്‍സരത്തില്‍ ദുര്‍ബലരായ ദക്ഷിണ കൊറിയയോട് രണ്ട് ഗോളിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങി പുറത്തുപോയ ജര്‍മനി തോല്‍വിയുടെ ഉത്തരവാദിത്തം മുഴുവന്‍ ഓസിലിന്റെ തലയില്‍ കെട്ടിവയ്ക്കുകയും ചെയ്തു. വിവാദങ്ങള്‍ മാത്രമല്ല, കളത്തിലും ഓസില്‍ പരാജയമായിരുന്നു. ഒടുവില്‍ ഓസിലിന്റെ പിതാവ് മുസ്തഫ തന്നെ ജര്‍മന്‍ ടീമിനെതിരെ രംഗത്തെത്തി. തോല്‍വിയില്‍ ഓസിലിനെ മാത്രം ബലിയിടാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഓസിലിന്റെ സ്ഥാനത്ത് താനായിരുന്നു എങ്കില്‍ ടീമില്‍ നിന്ന് പുറത്തുപോയെനെ എന്നും മുസ്തഫ വ്യക്തമാക്കി.