മെസിയുടെ വിരമിക്കൽ വാർത്ത; നെഞ്ചുതകർന്ന് അർജന്‍റീന

തോല്‍വിയില്‍ തളര്‍ന്ന അര്‍ജന്റീനയ്ക്ക് തിരിച്ചടിയായി മെസിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍. ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ കടക്കാനായില്ലെങ്കില്‍ ലയണല്‍ മെസിയും ഒപ്പം ആറു സഹതാരങ്ങളും വിരമിക്കുമെന്നാണ് അര്‍ജന്റീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകകപ്പോടെ സാംപോളിയുടെ സ്ഥാനം തെറിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഐസ്‌ലന്‍ഡിനെതിരായ സമനിലയും ക്രൊയേഷ്യയോടേറ്റ നാണംകെട്ട തോല്‍വിയും മെസിയെ വീണ്ടും വിരമിക്കല്‍ ചിന്തകളിലേക്ക് നയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗ്രൂപ്പ് ഘട്ടംകടക്കാന്‍ കണക്കിലെ കളികള്‍ക്കായി കാത്തിരിക്കുന്ന അര്‍ജന്റീനയ്ക്ക് ഇരുട്ടടിയായിരിക്കുകയാണ് പുതിയ വാര്‍ത്തകള്‍. ടൂര്‍ണമെന്റിലെ പ്രകടനത്തിനനുസരിച്ചായിരിക്കും ദേശീയകുപ്പായത്തിലെ തന്റെ ഭാവിയെന്ന്  ലോകകപ്പിന് മുന്‍പേ മെസി പറഞ്ഞിരുന്നു. മെസി ഒറ്റയ്ക്കാകില്ല പടിയിറങ്ങുക. മെസിയടക്കം ഏഴ് താരങ്ങളാകും അര്‍ജന്‍റീനയുടെ ജെഴ്സി ഉപേക്ഷിക്കുകയെന്നാണ് റിപ്പോര്‍ട്ട്. സെര്‍ജിയോ അഗ്യൂറോ, എയ്ഞ്ചല്‍ ഡി മരിയ, മഷരാനോ, ഹിഗ്വയ്ന്‍, മാര്‍ക്കസ് റോഹോ, എവര്‍ ബനേഗ എന്നിവരാകും ക്യാപ്റ്റനോടൊപ്പം ദേശീയകുപ്പായത്തിലെ കളിമതിയാക്കുകയെന്നും പ്രാദേശികമാധ്യമങ്ങള്‍ പറയുന്നു. നേരത്തെ കോപ്പ അമേരിക്ക ഫൈനലിലെ തോല്‍വിക്ക് ശേഷം മെസി വിരമിച്ചിരുന്നു. അര്‍ജന്‍റീനയ്ക്ക് ലോകകപ്പ് യോഗ്യത നേടാനാകില്ലെന്ന ഘട്ടത്തിലാണ് സൂപ്പര്‍ താരം വീണ്ടും നീലപ്പടയുടെ ജെഴ്സി അണിഞ്ഞത്. സാംപോളിക്കു പകരം മുന്‍ അര്‍ജന്റീന്‍ താരം ജോര്‍ജ് ബുറുച്ചഗയെ പരിഗണിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.