മെസിയുടെ പെനാല്‍റ്റി കാത്തുനിന്ന ആ ഗോളിയുടെ ഏകാന്തത; വിജയശ്വാസം

കുറേനേരത്തെ നിശബ്ദതയ്ക്ക് ശേഷം അത്താഴം കഴിഞ്ഞിരിക്കുമ്പോള്‍ പോളാര്‍ സ്റ്റാറിന്‍റെ ഗോളി ഗാറ്റോഡയസ് ആരോടെന്നില്ലാതെ പറഞ്ഞു.

‘കോണ്‍സ്റ്റാന്‍ഡോ എപ്പോഴും വലത്തോട്ടാണ് കിക്കെടുക്കുന്നത് ..’

‘അതങ്ങനെ തന്നെയാണ് ’ ഗാറ്റോയുടെ ക്ലബ് പ്രസിഡന്‍റ് പറഞ്ഞു

‘പക്ഷേ, അയാള്‍ക്കറിയാം അതെനിക്കറിയാമെന്ന് ....’ ഗാറ്റോ

‘ഹൊ, എങ്കില്‍ കഴിഞ്ഞു..’

‘അതാള്‍ക്കറിയാമെന്ന് എനിക്കുമറിയാം ’

‘എങ്കില്‍ ഇടത്തോട്ട് ഡൈവ് ചെയ്യ് ’

‘ഇല്ല, എനിക്കറിയാമെന്ന കാര്യം അവനറിയാമെന്ന് എനിക്കറിയാമല്ലോ– അപ്പോള്‍ ഞാന്‍ എങ്ങോട്ട് ഡൈവ് ചെയ്യും..?’ ഗാറ്റോ പുലമ്പി.

ഒസ്‌വല്‍ഡോ സൊറിയാനോയുടെ 'ദ ലോങ്ങസ്റ്റ് പെനാല്‍റ്റി എവര്‍ ' എന്ന അര്‍ജന്‍റീനിയന്‍ കഥയില്‍ നിന്ന് .

ഇതുപോലെ തന്നെയായിരുന്നു അത്. ഐസ് ലന്‍ഡിന്‍റെ ഗോളി ഹാന്‍സ് ഹള്‍ഡോര്‍സന്‍ ലയണല്‍ മെസിക്കെതിരെ നെഞ്ചുവിരിച്ച് നിന്നത്. ആദ്യമായി ലോകകപ്പിന് എത്തിയ യൂറോപ്പിലെ ഒരു കൊച്ചു രാജ്യത്തിന്‍റെ ഗോളി.  ഇതുവരെ ലോകകപ്പ് കളിക്കുന്നതില്‍ വച്ചേറ്റവും ചെറിയ രാജ്യം. തന്‍റെ പിന്നില്‍ പടര്‍ന്ന് കിടന്ന ഗോള്‍പോസ്റ്റ് അവന് ചരിത്രത്തിലേക്ക് ചുവട് വയ്ക്കാനുള്ള വഴിയായിരുന്നു. 

കാരണം പന്ത്രണ്ട് യാര്‍ഡുകള്‍ക്കപ്പുറത്ത് ഗോള്‍പോസ്റ്റിലേക്ക് പെനാല്‍റ്റിയെന്ന വെടിയുതിര്‍ക്കാന്‍ അവന് മുന്നില്‍ നിന്നത് കാല്‍പന്തുകളിയിലെ ദൈവമെന്നും മൈതാനങ്ങള്‍ക്ക് തീപ്പിടിപ്പിക്കുന്ന പോരാളിയെന്നും ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തിന്‍റെ മാലാഖയെന്നുമൊക്കെ വിളിപ്പേരുള്ള അതിമാനുഷന്‍. അ‍ഞ്ചു തവണ ബാലന്‍ ഡി ഓര്‍ പുരസ്കാരമെന്ന ചരിത്രനേട്ടത്തിലെത്തിയവന്‍. പെനാല്‍റ്റി കിക്ക് റേറ്റിങ് കുറവാണെങ്കിലും ലോകകപ്പ് എന്ന വന്‍പോരാട്ടത്തിനിറങ്ങുമ്പോള്‍ ആ ഇടം കാലനടിയുടെ പെരുമയേറുമെന്ന് തന്നെ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. ഐസ് ലന്‍ഡിനോടുള്ള പോരാട്ടത്തില്‍ ഉറപ്പിച്ചിരുന്ന വിജയത്തോടെ തുടങ്ങാമെന്ന പ്രതീക്ഷയായിരുന്നു ആ പെനാല്‍റ്റി വിസിലിനൊപ്പം ആരാധകരുടെ നെഞ്ചില്‍ മുഴങ്ങിയതും.

എന്നാല്‍ തന്‍റെ പിന്നിലെ എട്ടുയാര്‍ഡ് നീളത്തില്‍ വിരിച്ചിട്ടിരുന്ന ആ വലയ്ക്കു മുന്നില്‍ നിന്ന് ഹാന്‍സ് ഹല്‍ഡോര്‍സണ്‍,  താന്‍ മനസിലുറപ്പിച്ച് പഠിച്ചതൊക്കെ ഓര്‍മ്മിച്ചിട്ടുണ്ടാകണം. മെസി പെനാല്‍റ്റി കിക്കെടുക്കുന്ന പല രീതികള്‍ പഠിക്കാന്‍ താന്‍ മണിക്കൂറുകള്‍ ചെലവഴിച്ചിരുന്നുവെന്നാണ് ഹല്‍ഡോര്‍സന്‍ പിന്നീട് മത്സരശേഷം പറഞ്ഞതായി 'മിറര്‍ ' റിപ്പോര്‍ട്ട് ചെയ്തു. ഇത്തരമൊരു സ്ഥിതി വിശേഷം മുന്നില്‍ ഉറപ്പിക്കാറുണ്ട് ഓരോ ഗോളിയും. ഗോളടിക്കും മുന്‍പ് മെസി തന്നെക്കുറിച്ച് എന്താണാലോചിക്കുന്നത് എന്ന് തീവ്രമായി അറിയാന്‍ ശ്രമിക്കുകയായിരുന്നു – ഹല്‍ഡോര്‍സന്‍  പറഞ്ഞു.  പോളാര്‍ സ്റ്റാറിന്‍റെ ഗാറ്റോ ഡയസിനെപ്പോലെ കിക്ക് ഇടത്തോട്ടോ വലത്തോട്ടോ എന്ന് പലവുരു മനസില്‍ കൂട്ടിക്കിഴിച്ച് വലത്തേക്ക് ചാടിയത് കിറുകൃത്യമായിരുന്നു. 

ഫുട്ബോള്‍ പ്രഫഷനായി തിരഞ്ഞെടുത്തവരെപ്പോലെയല്ല ഹല്‍ഡോര്‍‌സന്‍. ഹല്‍ഡോര്‍സന്‍ ഐസ് ലന്‍ഡില്‍ പ്രശസ്തനായ പരസ്യചിത്ര സംവിധായകനാണ്. ഐസ് ലന്‍ഡ് ടീമിനെ  ഉള്‍പ്പെടുത്തി കോക്ക കോളയുടെ പരസ്യം ചെയ്തത് പോലും ഹല്‍ഡോര്‍സനാണ് ഹാനിസ് ഹള്‍ഡോര്‍സണ്‍ എന്ന പേരില്‍ യു ട്യൂബ് ചാനലുമുണ്ട്. ലോകകപ്പിനായി ചെയ്ത കോക്കകോള പരസ്യത്തിലെ സൂപ്പര്‍ സ്ലോമോഷന്‍ പോലെ മെസിയുടെ പെനല്‍റ്റി ഹള്‍ഡോര്‍സനു മുന്നില്‍ ഒന്നു നിശ്ചലമായിരിക്കാം. ആ പെനാല്‍റ്റി തടഞ്ഞിട്ടപ്പോള്‍ ലോകം നിശ്ചലമായതു പോലെ. വിജയത്തിന്‍റെ എത്രഗോള്‍വലകള്‍ കുലുങ്ങിയാലും ഈ പെനല്‍റ്റി നഷ്ടം അര്‍ജന്‍റീനിയന്‍ ആരാധകരുടെ മനസ് കുലുക്കിയതിന് പകരമാവില്ല.