അര്‍ജന്റീനയെ വീഴ്ത്തി, ഇറാഖിനെ മുട്ടുകുത്തിച്ചു; ഇതാ ഇന്ത്യയുടെ സിംഹക്കുട്ടികള്‍

ലോക ഫുട്ബോളില്‍ ഇന്ത്യയ്ക്ക് എന്തുകാര്യം എന്നുചോദിക്കാന്‍ ഇനിയാരും ധൈര്യപ്പെടില്ല. ഏഷ്യന്‍ കരുത്തരായ ഇറാഖിനെയും ലാറ്റിനമേരിക്കന്‍ ശക്തിയായ അര്‍ജന്റീനയെയും തോല്‍പിച്ച ഇന്ത്യന്‍ ഫുട്ബോളിന് ഇത് വസന്തകാലം. ഇന്ത്യയുടെ യുവനിര രാജ്യാന്തര തലത്തില്‍ നേടിയ രണ്ടു മിന്നും ജയങ്ങളില്‍ ഫുട്ബോള്‍ ലോകം അതിശയം കൊണ്ടിരിക്കുകയാണ്. അണ്ടര്‍ 16 വാഫ് ടൂര്‍ണമെന്റില്‍ നിലവിലെ ഏഷ്യന്‍ ചാംപ്യന്മാരായ ഇറാഖിനെ അട്ടിമറിച്ച് ഇന്ത്യയുടെ അണ്ടര്‍ 16ടീമാണ് ഫുട്ബോള്‍ ലോകത്തോട് തങ്ങളെ  ശ്രദ്ധിക്കൂ എന്ന് ആദ്യം സന്ദേശം നല്‍കിയത്. പിന്നാലെ അണ്ടര്‍ 20ടീം ഫുട്ബോളിലെ അതികായന്മാരായ അതും ആറുവട്ടം അണ്ടര്‍ 20ലോക കിരീടം ചൂടിയ അര്‍ജന്റീനയെ തകര്‍ത്തു. ലാറ്റിനമേരിക്കന്‍ ശക്തികള്‍ക്കുമേലുള്ള ആദ്യ ജയത്തോടെ ഇന്ത്യന്‍ ടീമിനെക്കുറിച്ചാണ് ഇപ്പോള്‍ ഫുട്ബോള്‍ ലോകത്തിന്റെ സംസാരം.  

അണ്ടര്‍ 16 വാഫ് ചാംപ്യന്‍ഷിപ്പ്

അണ്ടര്‍ 16 വാഫ് ചാംപ്യന്‍ഷിപ്പില്‍ ജോര്‍ദാനെ നാലേ പൂജ്യത്തിന് തോല്‍പിച്ച ഇന്ത്യയെ ആരും കണക്കിലെടുത്തില്ല. എന്നാല്‍ അണ്ടര്‍ 16 ഏഷ്യന്‍ ചാംപ്യന്മാരയ ഇറാഖിനെ മറുപടിയില്ലാത്ത ഒരുഗോളിന് തോല്‍പിച്ചതോടെ ചിത്രം മാറി.  ഇറാഖിന്റെ ആക്രമണത്തെയും പ്രതിരോധത്തെയും ഫലപ്രദമായി ചെറുക്കുകയും തകര്‍ക്കുകയും ചെയ്ത ഇന്ത്യ കളിയുടെ ഇഞ്ചുറി ടൈമില്‍ അര്‍ഹിച്ച ജയം നേടി. ഭുവനേഷിന്റെ ഹെഡര്‍ ഏഷ്യന്‍ ചാംപ്യന്മാരെ തകര്‍ത്തു. ഗ്രൂപ്പിലെ രണ്ടാം ജയത്തോടെ നോക്കൗട്ടിലേക്കുള്ള സാധ്യത സജീവമാക്കി. ജപ്പാനോട് ഒന്നിനെതിരെ രണ്ടുഗോളിന് തോറ്റ ഇന്ത്യ ഗ്രൂപ്പില്‍ ജപ്പാനു പിന്നില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. യെമനെതിരായ അടുത്തമല്‍സരത്തില്‍ മികവ് തുടര്‍ന്നാല്‍ ഇന്ത്യയുടെ കൗമാരം വാഫ് ടൂര്‍ണമെന്റിന്റെ നോക്കൗട്ടില്‍ കളിക്കും. 

അര്‍ജന്റീന ഞെട്ടിയ നിമിഷം

അണ്ടര്‍ 20കോട്ടിഫ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ  ആറുതവണ ലോക കിരീടം നേടിയ അര്‍ജന്റീനയുടെ അണ്ടര്‍ 20ടീമിനെ കളിയുടെ എല്ലാമേഖലയിലും നിഷ്പ്രഭരാക്കി. മധ്യനിരയിലെ മികച്ച ആസൂത്രണവും മുന്നേറ്റ നിരയുടെ ഫിനിഷിങ്ങും ഗോളി പ്രഭുസുഖന്‍ ഗില്ലിന്റെ മാസ്മരിക പ്രകടനവും ജയത്തില്‍ നിര്‍ണായകമായി. കളിയുടെ നാലാം മിനിറ്റില്‍ നിന്തോയി ദീപക് താങ്കിരി സഖ്യത്തിന്റെ ആക്രമണത്തിന്റെ ഫലമായിരുന്നു താങ്കിരിയുടെ ഗോള്‍. 50ാം മനിറ്റില്‍ ഇന്ത്യയ്ക്ക് അനികേത് യാദവിനെ നഷ്ടമായ സമയത്ത് അര്‍ജന്റീന ഇരമ്പി ആര്‍ത്തു. 56ാം മിനിറ്റിലും 61ാം മിനിറ്റിലും അര്‍ജന്റീനയുടെ രണ്ട് ഗോള്‍ ശ്രമങ്ങള്‍ ഇന്ത്യന്‍ ഗോളി ഗില്‍ തട്ടിയകറ്റി. 68ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് അന്‍വര്‍ അലി അര്‍ജന്റീനയുടെ വലയിലാക്കിയതോടെ കളി ഇന്ത്യന്‍ വരുതിയിലായി. 72ാം മിനിറ്റില്‍ ഒരു ഗോള്‍ നേടി അര്‍ജന്റീന ആശ്വസിച്ചു. 

അര്‍ജന്റീയെ തോല്‍പിച്ചെങ്കിലും കോട്ടിഫ് കപ്പില്‍ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. വെനസ്വേലയോടെ ഗോള്‍രഹിത സമനില പിടിച്ച ഇന്ത്യ മൗരിറ്റാനയോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റു. മര്‍സിയാനയോട് എതിരില്ലാത്ത രണ്ടു ഗോളിന് തോറ്റു. എന്നാല്‍ ഗ്രൂപ്പിലെ ശക്തന്മാര്‍ക്കെതിരെ അമ്പരിപ്പിക്കുന്ന ജയം സ്വന്തമാക്കി രാജ്യാന്തര ഫുട്ബോളിന്റെ ശ്രദ്ധ ഇന്ത്യയിലേക്ക്് എത്തിച്ചു. ഉറങ്ങിക്കിടക്കുന്ന സിംഹം ഇതാ ഉണര്‍ന്നിരിക്കുന്നു. അണ്ടര്‍ 17ലോകകപ്പിന് ആതിഥ്യം വഹിച്ച ഇന്ത്യയ്ക്ക് ഇനി അണ്ടര്‍ 20ലോകകപ്പ് ആതിഥ്യം വഹിക്കാനുള്ള അവസരത്തിനായി തീവ്രമായി ശ്രമിക്കാം.