ഇനിയില്ല, ലാറ്റിനമേരിക്കന്‍ ഭംഗി; ലോകകപ്പിന് താളം നിലച്ചുവോ..? നിങ്ങളെന്ത് പറയും

ഫുട്ബോളിന്റെ ജീവതാളമാണ് ലാറ്റിനമേരിക്ക. സുന്ദരവും താളാത്മകവും സംഘടിതവുമായ നീക്കങ്ങളാല്‍ മൈതാനത്ത് ആനന്ദനൃത്തം ചവിട്ടുന്നവര്‍. യൂറോപ്പിന്റെ മെയ്ക്കരുത്തിലും യന്ത്രചലനങ്ങള്‍ക്കും ജ്യാമിതീയ രൂപങ്ങള്‍ക്കും മേലെ കളത്തില്‍ ഭാവന വിരിയിക്കുന്ന ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ ആരാധകരെ ഒരുപോലെ ആനന്ദിപ്പിച്ചു, ഉന്മാദത്തിലാക്കി, സങ്കടഭാരത്താല്‍ വീഴ്ത്തി. 

ഈ ലോകകപ്പില്‍ ഇനിയാ കാഴ്ചകളില്ലാ, ഭാവനകളില്ല, താളമില്ല.  യൂറോപ്പിന്റെ കളിത്തട്ടില്‍ ലാറ്റിനമേരിക്കയുടെ മേല്‍ ശാപംതുടരുന്നു. 1958നുശേഷം യൂറോപ്പ് ആതിഥ്യംവഹിച്ച ലോകകപ്പുകളില്‍ ലാറ്റിനമേരിക്കന്‍ ടീം കപ്പ് നെഞ്ചോട് ചേര്‍ത്തിട്ടില്ല.  1958ല്‍ സ്വീ‍ഡന്‍ ആതിഥ്യം വഹിച്ച ലോകകപ്പില്‍ ബ്രസീല്‍ ജയിച്ചതിനുശേഷം യൂറോപ്പ് ആതിഥ്യമരുളിയ ലോകകപ്പിലൊന്നിലും ലാറ്റിനമേരിക്കയ്ക്ക് കപ്പുയര്‍ത്താനായില്ല. 

2006നുശേഷം ലാറ്റിനമേരിക്കന്‍ ടീമുകള്‍ സെമിയിലെത്താത്ത ലോകകപ്പും റഷ്യയിലേതുതന്നെ. 1934, 1966,1974,1982 ലോകകപ്പുകളിലും ലാറ്റിനമേരിക്കന്‍ ടീം അവസാന നാലിലേക്കുണ്ടായിരുന്നില്ല. ഇക്കുറി അഞ്ച് ലാറ്റിനമേരിക്കന്‍ ടീമുകളാണ് റഷ്യയില്‍ കപ്പിലേക്ക് കണ്ണും നട്ടെത്തിയത്. ഇതില്‍ പെറു ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ വീണു. വലിയ ഇടവേളക്ക് ശേഷം ലോകകപ്പിന്റെ ഫൈനല്‍ റൗണ്ടിലേക്ക് എത്തിയ പെറുവില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിച്ചില്ല. ലിയോണല്‍ മെസിയിലൂടെ അര്‍ജന്റീന ഈ ലോകകപ്പ് കൈക്കലാക്കും എന്ന് കരുതി. 

ലോക ഫുട്ബോളില്‍ ഏറ്റവും അധികം ആരാധകരുള്ള അര്‍ജന്റീന ഗ്രൂപ്പില്‍ കുഞ്ഞന്മാരായ ഐസ്്ലന്‍ഡിനോട് സമനില വഴങ്ങി ആശങ്ക ഉണ്ടാക്കിയപ്പോള്‍ ക്രൊയേഷ്യക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. നൈജീരിയയെ തോല്‍പിച്ച് പ്രീക്വാര്‍ട്ടറിലെത്തിയ അര്‍ജന്റീനയ്ക്ക് ഫ്രാന്‍സ് ചുവപ്പുകാര്‍‌ഡ് നല്‍കി. എംബാപ്പെയുടെയും ഗ്രീസ്മാന്റെയും അതിവേഗത്തില്‍ അര്‍ജന്റീനയുടെ പ്രതിരോധക്കോട്ട തകര്‍ന്ന് തരിപ്പണമായി. കണ്ണീര്‍വാര്‍ത്ത് ഫുട്ബോള്‍ ലോകം അവരെ യാത്രയാക്കി. ഹാമിഷ് റോഡ്രിഗസിന്റെയും റഡമല്‍ ഫല്‍ക്കാവോയുടെയും കൊളംബിയയായിരുന്നു മറ്റൊരു പ്രതീക്ഷ. 

ഗ്രൂപ്പ് ഘട്ടം പിന്നിട്ട് അവസാന പതിനാറിലെത്തിയ കൊളംബിയയെ വീഴ്ത്തിയത് ഇംഗ്ലണ്ടിന്റെ കരുത്താണ്. ഫൗളുകളുടെ പൂരം കണ്ട ഈ മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടിലാണ് അവസാനിച്ചത്. അപ്പോഴും ഫുട്ബോളിന്റെ ഹൃദയതാളമായി ബ്രസീലും യുറഗ്വായും അവസാന എട്ടിലേക്ക് കുതിച്ചു. എഡിസണ്‍ കവാനിയുടെ പരുക്കും ഫ്രാന്‍സിന്റെ ആക്രമണവും യുറഗ്വായുടെ കഥകഴിച്ചപ്പോള്‍ ശേഷിച്ചത് ബ്രസീലിന്റെ മഞ്ഞക്കൂട്ടം മാത്രം. 

നെയ്മറാട്ടത്തിലും ബ്രസീലിന്റെ ടീം സ്പിരിറ്റിലും ബെല്‍ജിയത്തിന്റെ ചുവന്ന ചെകുത്താന്മാര്‍ക്കെതിരെ  പ്രതീക്ഷയോടെ ചുവടുവച്ചു. പോരടിച്ചും താളംപിടിച്ചും പലകുറി ബെല്‍ജിയത്തിന്റെ പോര്‍മുഖത്തെത്തി, പക്ഷെ നിര്‍ഭാഗ്യം സാംബാബോയ്സിനെ കളത്തിന് പുറത്താക്കി. അങ്ങനെ റഷ്യയിലേത് വന്‍വീഴ്ചകളുടെ ലോകകപ്പായി, കാറ്റുപോയ പന്തുപോലെ.