എതിരാളിയുടെ കരുത്തറിഞ്ഞ് കളിക്കളത്തിലേക്ക്; ലോകകപ്പ് ലക്ഷ്യത്തിലുറച്ച് ബ്രസീൽ

ലോകത്തെ ഒന്നാം നമ്പര്‍ ടീമായ ബ്രസീലിനെ പരിശീലിപ്പിക്കുന്ന ടിറ്റെയ്ക്ക് കരുത്താകുക ആക്രമണനിരയാണ്. നെയ്മറും വിനിസിയൂസും റിച്ചാലിസണും അടങ്ങുന്ന ടീമിനെ എതിരാളിയുടെ കരുത്തറിഞ്ഞാണ് ടിറ്റെ കളത്തിലിറക്കുന്നത്.  2002നുശേഷം ലാറ്റിനമേരിക്കയിലേക്ക് ലോകകപ്പ് എത്തിയിട്ടില്ല. ഇക്കുറി അതിന് വിരാമമിടുകയാണ് ബ്രസീലിന്റെ ലക്ഷ്യം. 

2014ലെ ലോകപ്പില്‍ ജര്‍മനിയില്‍ നിന്ന് ഏഴടിയേറ്റ ബ്രസീല്‍ ടീമിനെ വീണ്ടും ആക്രമണത്തിന് കരുത്തേകിയ പരിശീലകനാണ് ടിറ്റെ. 2016ല്‍ ടീമിന്റെ പരിശീലകനായെത്തിയ ടിറ്റെ 2019ല്‌‍ ടീമിനെ കോപാ ചംപ്യന്മാരാക്കി. 61കാരനായ ഈ മുന്‍ മധ്യനിരതാരത്തിനറിയാം എതിരാളിയെ എങ്ങനെ വരിഞ്ഞിടണമെന്ന്. 

രണ്ട് വിങ്ങര്‍മാര്‍ ഉള്‍പ്പെടുന്ന മധ്യനിരയാണ് ബ്രസീലിന്റെ ആക്രമണത്തിന് വ്യാപ്തി നല്‍കുന്നത്. വിനിസിയൂസും റഫീഞ്ഞോയും വിങ്ങര്‍മാരായി കയറിയും ഇറങ്ങിയും കളിക്കുമ്പോള്‍ നെയ്മര്‍ ഫാള്‍സ് നയന്‍ ആയി കളിക്കുന്നു. ഗോളവസരങ്ങളുടെ പരമ്പര സൃഷ്ടിക്കാനും നെയ്മര്‍ക്കാകുന്നു. 4–2–3–1 എന്നതാണ് ടിറ്റെ പൊതുവേ സ്വീകരിക്കുന്ന ശൈലി, എന്നാലത് 4–4–2ലേക്കും ആക്രമണം അതിന്റെ പരകോടിയിലേക്ക് നീങ്ങുമ്പോള്‍ 3–2–5 എന്ന രീതിയിലേക്ക് മാറും. എതിരാളിക്കും സ്വന്തം കളിസംഘത്തിലെ താരങ്ങളുടെ ശാരിരികക്ഷമതയും കണക്കിലെടുത്താണ് ടിറ്റെ കളി രൂപപ്പെടുത്തുന്നത്. 

ഹൈ പ്രസിങ് ഗെയിം ആണ് ബ്രസീല്‍ നടത്തുന്നതെങ്കിലും എതിര്‍നീക്കങ്ങള്‍ക്ക് അനുസരിച്ച് അതില്‍ വ്യതിയാനം വരും.   തിയാഗോ സില്‍വയും മാര്‍ക്കീഞ്ഞോയും ഉള്‍പ്പെടുന്ന പ്രതിരോധനിരയും മോശമല്ല. ലോകത്തിലെ ഏറ്റവും മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ കസീമെറോയുടെ സാന്നിധ്യം ടീമിന് കൂടുതല്‍ കരുത്താകും. നെയ്മര്‍, വിനിസിയൂസ്, റിച്ചാലിസണ്‍, ജിസ്യൂസ്., റഫീഞ്ഞ എന്നിവരാകും ടീമിന്റെ മുന്നേറ്റങ്ങളുടെ നേതൃനിരയില്‍ ഉണ്ടാവുക. ടീമിന്റെ പരിശീലകനായി ചുമതലയേറ്റശേഷം ടിറ്റെയുടെ സംഘം ആദ്യംചെയ്തത് 2010മുതല്‍ ചാംപ്യന്മാരായ ടീമുകളുടെ തന്ത്രങ്ങള്‍ പഠിക്കുകയായിരുന്നു. ഇതിനുശേഷമാണ് ബ്രസീലിനുള്ള തന്ത്രങ്ങളൊരുക്കിയത്. മൂന്ന് മില്യന്‍  യൂറോ വാര്‍ഷിക പ്രതിഫലം വാങ്ങുന്ന ടിറ്റെയുടെ തന്ത്രങ്ങള്‍ ഇക്കുറി കാനറികളെ ലോക കിരീടം അണിയിക്കുമോ എന്നാണ് ഫുട്ബോള്‍ ലോകം കാത്തിരിക്കുന്നത്.