തോൽവിയുടെ ഞെട്ടലിൽ ആരാധകർ; പടക്കം പൊട്ടിച്ചാഘോഷിച്ച് അർജന്റീന ഫാൻസ്

ബെല്‍ജിയത്തിനെതിരായ തോല്‍വി പൂര്‍ണമായി വിശ്വസിക്കാനായിട്ടില്ല ബ്രസീല്‍ ആരാധകര്‍ക്ക്. പൊരുതി കളിച്ചിട്ടാണ് മടക്കം എന്നാശ്വസിക്കുകയാണ് പലരും. എന്നാല്‍ ബ്രസീലിന്‍റെ തോല്‍വി ആഘോഷിക്കുകയാണ് കോഴിക്കോട്ടെ ബ്രസീല്‍ ഇതര ടീമുകളുടെ ആരാധകര്‍. 

നിരാശയില്ലെന്നു പറയുമ്പോഴും കരച്ചിലിന്‍റെ വക്കോളമെത്തിയിരുന്നു പലരും. ബെല്‍ജിയത്തിനെതിരെ തോറ്റ് മടങ്ങേണ്ടി വരുമെന്ന് പ്രതീക്ഷിച്ചവരല്ല ഇവരാരും. 

ബ്രസീല്‍ ആരാധകരും ബ്രസീല്‍ ഇതര ടീമുകളുടെ ആരാധകരും തമ്മിലായിരുന്നു വാശിയും വക്കാണവും. ബെല്‍ജിയം ജയിച്ചതിനേക്കാളേറെ ബ്രസീല്‍ തോറ്റതിലുള്ള ആഘോഷമാണ് കൂടുതലും കണ്ടത്.  ക്വാര്‍ട്ടര്‍ കാണാതെ പുറത്തായ അര്‍ജന്‍റീന, പോര്‍ച്ചുഗല്‍, ജര്‍മ്മനി തുടങ്ങിയ വമ്പന്‍ ടീമുകളുടെ ആരാധകര്‍ തല്‍ക്കാലത്തേയ്ക്കെങ്കിലും ബെല്‍ജിയം ആരാധകര്‍ ആയി. 

ഇതു ഞങ്ങളുടെ ബ്രസീലല്ലെന്നും ഞങ്ങളുടെ ബ്രസീല്‍ ഇങ്ങനല്ലെന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു പലരും. എങ്കിലും അത്തറിന്‍റെ മണമുള്ള ഖത്തറിലേയ്ക്ക് പ്രതീക്ഷ പായിക്കുകയാണ് മഞ്ഞപ്പടയുടെ ആരാധകര്‍.