അലിസൻ; ഗോൾ മുഖങ്ങളിൽ ബ്രസീലിന്റെ കാവൽ മാലാഖ; കോപ്പയിലേക്ക് എളുപ്പവഴി

സീൻ ഒന്ന്

ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാം പാദം.

ആദ്യ പാദത്തിൽ വഴങ്ങിയ മൂന്ന് ഗോളിന്റെ കടവുമായി ആൻ ഫീൽഡിൽ ബാഴ്സലോണയെ നേരിടുകയാണ് ലിവർപൂൾ. ജീവന്മരണ പോരാട്ടത്തിൽ രണ്ടും കൽപ്പിച്ച് ലിവർപൂൾ അക്രമിക്കുമ്പോൾ പ്രത്യാക്രമണം നടത്തുന്നത് മെസി, സുവാരസ്, കുട്ടീഞ്ഞോ എന്നിവരടങ്ങുന്ന വമ്പൻനിര. ലിവർപൂൾ പ്രതിരോധനിരയെ മറികടന്ന് മെസിയും സംഘവും ഗോളിലേക്കുതിർത്തത് അഞ്ച് ഷോട്ടുകൾ. പക്ഷെ, പോസ്റ്റിനുള്ളിലേക്ക് കയറും മുൻപ് അവയെല്ലാം തട്ടിയകറ്റപ്പെട്ടു. ഒപ്പം ബാഴ്സയുടെ ഫൈനൽ സ്വപ്നവും.

സീൻ രണ്ട്

2019 കോപ്പ അമേരിക്ക ആദ്യ ക്വാർട്ടർ ഫൈനൽ.

മൽസരം ബ്രസീലും പരാഗ്വേയും തമ്മിൽ. നിശ്ചിത സമയത്ത് ഗോൾ നേടുന്നതിൽ ഇരുടീമുകളും പരാജയപ്പെട്ടപ്പോൾ, മത്സരം ഷൂട്ടൗട്ടിലേക്ക്. ആദ്യ കിക്കെടുക്കുന്നത് പരാഗ്വേയുടെ ഗുസ്താവോ ഗോമസ്. പോസ്റ്റിന്റെ വലതുവശം ലക്ഷ്യമാക്കി ഗോമസ് താഴ്ത്തിയെടുത്ത കിക്ക് അതി മനോഹരമായി ഗോളി തട്ടിയകറ്റി. ഈയൊരൊറ്റ നിമിഷമാണ് ബ്രസീലിന്റെ ആത്മവിശ്വാസം വാനോളമുയർത്തിയതും, അവരെ മുന്നോട്ട് നയിച്ചതും.

സീൻ മൂന്ന്

2019 കോപ്പ അമേരിക്ക ആദ്യ സെമി ഫൈനൽ.

സ്വപ്ന സെമിയിൽ ബ്രസീലും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടുന്നു. ആദ്യ പകുതിയിൽ നേടിയ ഗോളിൽ ബ്രസീൽ മുന്നിൽ. മത്സരം എഴുപത് മിനിറ്റിലേക്കടുക്കുന്നു. അർജന്റീയ്ക്കനുകൂലമായ ഫ്രീ കിക്ക്. കിക്കെടുക്കുന്നത് സാക്ഷാൽ ലയണൽ മെസി. ഗോളിലേക്ക് മനോഹരമായി  മെസി തൊടുത്തുവിട്ട പന്തിനെ അതിമനോഹരമായി  പിടിച്ചെടുക്കുന്ന ബ്രസീലിയൻ ഗോൾകീപ്പർ. അർജന്റീന മാനസികമായി പരാജയം സമ്മതിച്ചത് ഈ നിമിഷത്തിലായിരുന്നു.

മേൽപ്പറഞ്ഞ മൂന്ന് സീനുകളിലും നായകന്റെ സ്ഥാനത്ത് അയാളായിരുന്നു. അലിസൻ ബെക്കർ എന്ന അലിസൻ. അർജന്റീന ആരാധകർക്ക് മെസി മിശിഹയാണെങ്കിൽ, ബ്രസീലുകാർക്ക് അലിസൻ മാലാഖയാണ്. ഗോൾ വലയ്ക്ക് മുന്നിൽ ചിറക് വിരിച്ച് എതിരാളികളെ തടഞ്ഞ് നിർത്തുന്ന കാവൽ മാലാഖ.

കഴിഞ്ഞ രണ്ട് വർഷമായി ഫുട്ബോൾ ലോകത്ത് ഏറ്റവുമധികം ഉയർന്ന് കേൾക്കുന്ന പേരുകളിലൊന്നാണ് അലിസൻ ബെക്കർ. ബ്രസീലിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ എന്നത് മാത്രമല്ല, യൂറോപ്യൻ ഫുട്ബോളിലും അലിസൻ രാജാവാണ്.  കളിക്കളത്തിൽ സ്വന്തം സ്ഥാനത്തിന് പരിധി നിശ്ചയിക്കുന്നത് ഇഷ്ടപ്പെടാത്ത പ്രതിഭ.

ബ്രസീലിന്റെ  അണ്ടർ 17, അണ്ടർ 19 ടീമുകളിൽ അംഗമായിരുന്ന അലിസൻ  2013ലാണ് ദേശീയ ടീമിൽ അംഗമാവുന്നത്. അതേ വർഷം തന്നെ യൂറോപ്യൻ ക്ലബ്ബ് ഫുട്ബോളിന്റെ സീനിയർ തലത്തിലും അലിസൻ അരങ്ങേറി. ഇറ്റാലിയൻ ക്ലബ്ബ് ഇന്റർനാഷണലിലായിരുന്നു തുടക്കം. 2016ൽ മറ്റൊരു ഇറ്റാലിയൻ ക്ലബ്ബായ റോമയിലേക്ക് അലിസൻ കൂടുമാറി.

2017-18 സീസണായിരുന്നു ഫുട്ബോൾ ലോകത്ത് അലിസനെന്ന പ്രതിഭയെ ശരിക്കും അടയാളപ്പെടുത്തിയ സമയം. റോമയിൽ അലിസൻ നിറഞ്ഞാടുകയായിരുന്നു. ഇറ്റാലിയൻ ലീഗിലും, ചാമ്പ്യൻസ് ലീഗിലും അലിസന്റെ പ്രകടനമായിരുന്നു റോമയുടെ കുതിപ്പിന്റെ ഇന്ധനം. ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ വരെ എത്താൻ അക്കുറി റോമയ്ക്ക് അക്കുറി റോമയ്ക്ക് സാധിച്ചു. ബാഴ്സലോണയുടെ ചാമ്പ്യൻസ് ലീഗ്  സ്വപ്നവും ക്വാർട്ടറിൽ റോമയ്ക്കും അലിസനും  മുന്നിലായിരുന്നു ആ സീസണിൽ അവസാനിച്ചത്. ഇരുപത്തിരണ്ട് മത്സരങ്ങളിൽ ഗോൾ വഴങ്ങാതെ വല കാക്കാനും അലസനായി.

റോമയിലെ ഗംഭീര പ്രകടനം അലിസനെ ലിവർപൂളിൽ എത്തിച്ചു. ഗോൾകീപ്പർക്ക് ലഭിക്കാവുന്ന അന്നത്തെ ഏറ്റവും ഉയർന്ന തുകയ്ക്കാണ് അലിസൻ ലിവർപൂളിൽ എത്തിയത്. പ്രതീക്ഷകൾ അസ്ഥാനത്തായില്ല. ചാമ്പ്യൻസ് ലീഗ് കിരീടവും, പ്രീമിയർ ലീഗിലെ രണ്ടാം സ്ഥാനവും ലിവർപൂൾ നേടിയെടുത്തതിൽ അലിസന്റെ പങ്ക് എടുത്ത് പറയണം. ഇത്തവണയും മെസിയുടെയും ബാഴ്സലോണയുടെയും ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾ അവസാനിപ്പിച്ചതും അലിസൻ തന്നെയായിരുന്നു.

ഗോൾ പോസ്റ്റിന് മുന്നിൽ റിസ്ക്കെടുക്കാൻ ഇഷ്ടപ്പെടുന്ന കളിക്കാരനാണ് അലിസൻ. ചിലപ്പോഴൊക്കെ അതിന്റെ പേരിൽ വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇതാണെന്റെ ശൈലിയെന്ന് വ്യക്തമാക്കിക്കൊണ്ട് തന്നെയാണ് അലിസൻ മുന്നോട്ട് പോകുന്നത്.

ഇക്കുറി കോപ്പയിലും മാരകമായ ഫോമിൽ തന്നെയാണ് അലിസൻ. ടൂർണ്ണമെന്റിൽ ഇതുവരെ അലിസനെ കീഴടക്കാൻ എതിരാളികൾക്കായിട്ടില്ല. ഇതേ ഫോം ഫൈനലിലും തുടർന്നാൽ കോപ്പയിൽ മുത്തമിടാൻ ബ്രസീലിന് അധികം ബുദ്ധിമുട്ടേണ്ടി വരില്ലെന്നുറപ്പ്.