മെസിക്കൊപ്പം ഈ ലോകകപ്പിൽ ലൈക്കുകൾ വാരിക്കൂട്ടി ഇന്ത്യയും; അമ്പരപ്പ്

ലോകകപ്പ് ഫുട്ബോളില്‍ ഇന്ത്യയ്ക്ക് ‌നാലാം സ്ഥാനം, നെറ്റിചുളിക്കാന്‍ വരട്ടെ, റഷ്യയില്‍ നടന്ന ലോക‌ക‌പ്പി‌നെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ കൂടുതല്‍ ചര്‍ച്ച നടത്തിയ രാജ്യങ്ങളിലാണ് ഇന്ത്യയ്ക്ക് നാലാംസ്ഥാനം ലഭിച്ചത്. അട്ടിമറികളുടെതായിരുന്നു റഷ്യയില്‍ നടന്ന ലോകകപ്പ് ഫുട്ബോള്‍.  ഫൈനലില്‍ ഫ്രാന്‍സും ക്രൊയേഷ്യയും ആണ് ഏറ്റുമുട്ടിയതെങ്കിലും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത് ലീയോണല്‍ മെസിയും നെയ്മറും റൊണാള്‍ഡോയും അവരുടെ ടീമുകളുമാണ്. 383 ദശലക്ഷം ആളുകളാണ് ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് പോസ്റ്റുകളോ ചര്‍ച്ചകളോ നടത്തിയത്. 203കോടി ജനങ്ങള്‍ ലോകകപ്പ് ഫുട്ബോളിനെക്കുറിച്ച് ഫെയ്സ്ബുക്കില്‍ സജീവമായി ആശയവിനിമയം നടത്തി.

താരങ്ങളില്‍ മെസി മുന്നില്‍ 

ലോകകപ്പില്‍ അര്‍ജന്റീന നിരാശപ്പെടുത്തിയെങ്കിലും ക്യാപ്റ്റന്‍ ലീയോണല്‍ മെസിയെച്ചുറ്റിപ്പറ്റിയായിരുന്നു മുഖപുസ്തകത്തിലെ ചര്‍ച്ചമുഴുവനും. അര്‍ജന്റീന എന്ന ടീമിനെക്കാള്‍ മെസി എന്ന ഇതിഹാസത്തിന്റെ പ്രതിഭയില്‍ ആരാധകര്‍ ഊറ്റംകൊണ്ടു. മെസി അടിക്കുന്ന ഗോളുകളുടെയും മെസിയുടെ ചിറകിലേറി പറക്കുന്ന അര്‍ജന്റീനയുടെയും വിജയങ്ങള്‍ സംവാദങ്ങളില്‍ നിറഞ്ഞു. താരങ്ങളില്‍ മെസിക്ക് പിന്നില്‍ ബ്രസീലിന്റെ നെയ്മറും പോര്‍ച്ചുഗലിന്റെ റൊണാള്‍ഡോയും എത്തി. കളത്തിലെ നെയ്മറാട്ടവും എതിരാളികളുടെ പോലും ആദരം പിടിച്ചുപറ്റിയ റൊണാള്‍ഡോയുടെ ഫ്രീകിക്കും മുഖപുസ്തകത്തിലെ ചര്‍ച്ചകള്‍ക്ക് ആവേശം പകര്‍ന്നു. ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചും ആദ്യ പത്തിലെത്തിയവരില്‍ ഉള്‍പ്പെട്ടെങ്കിലും ലോകചാംപ്യന്മാരായ ഫ്രാന്‍സിന്റെ താരങ്ങളാരും ആദ്യ പത്തിലെത്തിയില്ല.  

ടീമുകളില്‍ ബ്രസീല്‍

കിരീടപ്പോരിലേക്കുള്ള കുതിപ്പില്‍ ബ്രസീല്‍ ചുവന്ന ചെകുത്താന്മാരുടെ ആക്രമണത്തില്‍ ഇടറി വീണെങ്കിലും  ഈ ലോകകപ്പില്‍ ഫെയ്സ്ബുക്ക് ഏറ്റവും ചര്‍ച്ചചെയ്ത ടീം ബ്രസീല്‍ ആണ്.  താരങ്ങളിലെ മേധാവിത്വം മെസിക്കായിരുന്നെങ്കിലും ടീമുകളുടെ കാര്യമായപ്പോള്‍ നെയ്മറിന്റെ ബ്രസീല്‍ ആയിരുന്നു ആരാധകരുടെ മനംനിറച്ചത്. ബ്രസീലിനുപിന്നില്‍ അര്‍ജന്റീന ആദ്യ പത്തു ടീമുകളിലെ രണ്ടാംസ്ഥാനക്കാരായി. മൂന്നാംസ്ഥാനത്ത് ഫ്രാന്‍സും നാലാംസ്ഥാനത്ത് റഷ്യയുമെത്തി. ജര്‍മനിയും ഇംഗ്ലണ്ടും ക്രൊയേഷ്യയും സ്പെയിനും എല്ലാം ആദ്യ പത്തിലെത്തിയ ടീമുകളായി. എന്നാല്‍ സുവര്‍ണതലമുറയുമായി മൂന്നാംസ്ഥാനത്തെത്തിയ ബെല്‍ജിയത്തിന് ആദ്യ പത്തില്‍ ഇടംലഭിച്ചില്ല. 

ഇന്ത്യയ്ക്ക് നാലാം സ്ഥാനം

ലോകകപ്പിനെക്കുറിച്ച് ഫെയ്സ്ബുക്കിലൂടെ സജീവ സാന്നിധ്യമറിയിച്ച രാജ്യങ്ങളില്‍ ഇന്ത്യ ലോക ചാംപ്യന്മാരായ ഫ്രാന്‍സിനെയും അര്‍ജന്റീനയെയും പിന്നിലാക്കി. കൂടുതല്‍ സജീവമായി പങ്കെടുത്തത് ബ്രസീല്‍ ഒന്നാംസ്ഥാനത്ത് എത്തിയപ്പോള്‍ അമേരിക്ക രണ്ടാംസ്ഥാനത്തും ജര്‍മനിയെ അട്ടിമറിച്ച മെക്സിക്കോ മൂന്നാംസ്ഥാനത്തും ഇന്ത്യ നാലാംസ്ഥാനത്തുമെത്തി. ഗ്രൂപ്പ് ഘട്ടത്തില്‍ ആരാധകരുടെ ചര്‍ച്ചകളില്‍ നിന്ന് അകന്ന് നിന്ന ക്രൊയേഷ്യയും ഫ്രാന്‍സും നോക്കൗട്ടിലേക്ക് കടന്നപ്പോള്‍ കുതിച്ചുകയറി.  

ലൈക്കുകള്‍ വാരിക്കൂട്ടി മെസി

ഫെയ്സ്ബുക്കിലെ പോസ്റ്റുകളിലൂടെ കൂടുതല്‍ ലൈക്ക് വാങ്ങിയ താരം മെസി തന്നെ. മെസിയുടെ പ്രൊഫൈല്‍ ചിത്രങ്ങളായിരുന്നു ലൈക്ക് കൂടുതലും ലഭിച്ചത്. പിന്നാലെ ബ്രസീലിന്റെ നെയ്മര്‍. കളത്തിലെ മികവും ഡൈവുകളും നെയമറോടുള്ള ഇഷ്ടം കുറച്ചില്ല. മൂന്നാംസ്ഥാനത്ത് റൊണാള്‍ഡോയും നാലാംസ്ഥാനത്ത് മുഹമ്മദ് സാലയുമെത്തി.