ഹെഡ്സ് വിളിച്ചതാര് ? നിർണായക ടോസിൽ ധോണിയുടെ തമാശ, വിഡിയോ

ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്രസിങ് ധോണി എപ്പോഴും കൂൾ തന്നെയായിരിക്കും. ഏതു സമ്മർദ്ദ സാഹചര്യത്തിലും വേണമെങ്കിൽ ചെറിയ തമാശയും പറയും. അതിനു ഉദാഹരണമാണ് ഐപിഎൽ ഫൈനലിനു മുൻപ് ടോസിട്ടപ്പോൾ നടന്ന തമാശസംഭാഷണം.

ക്രിക്കറ്റിൽ ടോസ് അതീവനിർണായകമാണ്. പ്രത്യേകിച്ചും ഐപിഎൽ ഫൈനലിൽ. ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസനും സൂപ്പർ കിങ്സ് നായകൻ ധോണിയും ടോസിനായി ഗ്രൗണ്ടിലെത്തി. ഹെഡ്സ് വിളിച്ച് നാണയമെറിഞ്ഞത് ധോണി തന്നെയായിരുന്നു. ടോസ് വീണതും ധോണിയ്ക്ക്. ഇതിനിടെ താങ്കളല്ലേ ഹെഡ്സ് വിളിച്ചതെന്നു അവതാകരൻ സഞ്ജയ് മഞ്ജരേക്കർ തമാശയോടെ ധോണിയോടു ചോദിച്ചു. ഒട്ടും വൈകിയില്ല, താരത്തിന്റെ മറുതമാശയെത്തി. അല്ല, കെയ്ൻ വില്യംസൺ ടെയ്ൽസാണ് വിളിച്ചതെന്നു ധോണി പറഞ്ഞു. ഇതോടെ കൂട്ടച്ചിരിയായി. വീണ്ടും മഞ്ജരേക്കർ ചോദ്യം ആവർത്തിച്ചു. ധോണിയ്ക്കു വീണ്ടും അതേ ഉത്തരം. ഇതോടെ മഞ്ജരേക്കർ കീഴടങ്ങി. ഇങ്ങനെ വിഡ്ഢിയാക്കുന്നതു നിർത്തൂ എന്നു പറയേണ്ടി വന്നു അവതാരകന്. ശേഷം ധോണി ഗൗരവത്തോടെ കളിയെക്കുറിച്ച് സംസാരിച്ചു.