ലാ ലീഗ കിരീടമുയര്‍ത്തി ആന്ദ്രേ ഇനിയെസ്റ്റ ബാര്‍സിലോനയില്‍ നിന്ന് പടിയിറങ്ങി. റയല്‍ സോഷിദാദിനെതിരായ മല്‍സരശേഷം വികാരനിര്‍ഭരമായാണ് നൂകാംപ് ഇനിയസ്റ്റയെ യാത്രയാക്കിയത്.
ബാര്‍സിലോനയും റയല്‍ സോഷിദാദും അല്ല, ഇനിയെസ്റ്റയായിരുന്നു മൈതാനം നിറയെ. ഇനിയെസ്റ്റയെ ആദരിച്ച് തുടക്കം. കളിക്കിടെയിലും ഇനിയസ്റ്റ വിളികള്‍ മാത്രം. ഒടുവില്‍ 82–ാം മിനിറ്റില്‍ ആ സബ്സ്റ്റിറ്റ്യൂഷനെത്തി. 12–ാം വയസില്‍ നെഞ്ചോട് ചേര്‍ത്ത ആ കുപ്പായമിട്ട് ഇനിയൊരു മല്‍സരമില്ല. ക്യാപ്റ്റന്‍ ബാന്‍ഡ് മെസിക്ക് നല്കി അയാള്‍ മടങ്ങി.
അവസാന വിസിലില്‍ കലങ്ങിയ കണ്ണുമായെത്തി ഇനിയെസ്റ്റ് ടീമംഗങ്ങള്‍ക്ക് സ്നേഹാലിംഗനമേകി.പിന്നീട് ലാലീഗ കിരീടധാരണത്തിനുള്ള സമയം. കരിയറിലെ ഒന്‍പതാം ലാലീഗ കിരീടം ഇനിയെസ്റ്റ ഏറ്റുവാങ്ങി
ഇനി ഇനിയെസ്റ്റയ്ക്കായി ബാര്‍സ കരുതിവച്ച നിമിഷങ്ങള്‍. എട്ടാം നമ്പര്‍ ജഴ്സിയിലെത്തിയ ടീമംഗങ്ങള്‍ക്ക് മുന്നില്‍ ബാര്‍സ നായകന് വിതുമ്പി. ഞാന്‍ നൂ കാംപ് വിട്ടാലും എന്റെ മനസ് ഇവിടെതന്നെയുണ്ടാകും
കരച്ചിലടക്കാന്‍ പാടുപെട്ട് സുവാരസും മെസിയുമെല്ലാം ഇനിയെസ്റ്റയ്ക്ക് പിന്നില്‍ നിന്നു. 22 വര്‍ഷത്തെ ബാര്‍സ ജീവിതം അവസാനിപ്പിച്ച ആന്ദ്രേയോട് നൂ കാംപ് അപ്പോഴും ചോദിച്ചുകൊണ്ടേയിരുന്നു, ഒഴിവാക്കാനാകുമോ ഈ തീരുമാനമെന്ന്.. അത്ലറ്റിക്കോ മഡ്രിഡ് ഫെര്‍ണാണ്ടോ ടോറസിനും വികാരനിര്‍ഭര യാത്രയയപ്പൊരുക്കി