ഒന്നല്ല, രണ്ടല്ല! റെക്കോര്‍ഡില്‍ ആറാടി റിഷഭ് പന്ത്

ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്–മുംബൈ ഇന്ത്യന്‍സ് പോരാട്ടം റിഷഭ് പന്തിന് വെറുമൊരു മത്സരമായിരുന്നില്ല, 'റെക്കോര്‍ഡ്' മത്സരമായിരുന്നു.  ഒറ്റമത്സരത്തിലൂടെ നിരവധി റെക്കോര്‍ഡുകളാണ് ഡല്‍ഹി താരം സ്വന്തം പേരിലാക്കിയത്. 

ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന വിക്കറ്റ്കീപ്പറെന്ന റെക്കോര്‍ഡ് ഇനി പന്തിനൊപ്പമാണ്. 14 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 684 റണ്‍സാണ് സമ്പാദ്യം. 2014ലെ റോബിന്‍ ഉത്തപ്പയുടെ 660 റണ്‍സെന്ന റെക്കോര്‍ഡാണ് പന്ത് പഴങ്കഥയാക്കിയത്.

ഒപ്പം ഓറഞ്ച് ക്യാപ്പും പന്ത് തലയിലാക്കി. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ കെയ്ന്‍ വില്ല്യംസണിനെയാണ്(661) പന്ത് മറികടന്നത്. പഞ്ചാബ് താരം ലോകേഷ് രാഹുല്‍ ആണ് മൂന്നാം സ്ഥാനത്ത്. ഏറ്റവുമധികം റണ്‍സ് നേടുന്ന ഡല്‍ഹി താരവും പന്ത് ആണ്. സീസണില്‍ ഏറ്റവുമധികം സിക്സുകള്‍ പറത്തിയ റെക്കോര്‍ഡും പന്തിനൊപ്പമാണ്, 37 എണ്ണം. 

ഡല്‍ഹിയുടെ ഐപിഎല്‍ യാത്ര അവസാനിച്ചെങ്കിലും പന്തിന് സന്തോഷിക്കാനുള്ള വകയുണ്ട്. അവസാന മത്സരത്തില്‍ 11 റണ്‍സിനാണ് ഡല്‍ഹി നിലവിലെ ചാംപ്യന്മാരായ മുംബൈയെ തകര്‍ത്തത്. ഇതോടെ മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചു. 44 പന്തില്‍ 6‌4 റണ്‍സെടുത്ത പന്ത് ആണ് ഡല്‍ഹിയുടെ വിജയശില്‍പ്പി.