എട്ടാം മൽസരത്തിലും ‘എട്ടു’നിലയിൽ പൊട്ടി മുംബൈ; ലക്നൗവിനെതിരെ 36 റൺസ് തോൽവി

ഐപിഎൽ സീസണിൽ തുടർച്ചയായ എട്ടാം മത്സരത്തിലും മുംബൈ ഇന്ത്യൻസിന് തോൽവി. ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ 36 റൺസിനാണ് ഇത്തവണത്തെ തോൽവി. ലക്ൗനവിനോടു സീസണിൽ രണ്ടാമത്തെ തോൽവിയാണ്. ആദ്യ മത്സരത്തിൽ 18 റൺസിനാണ് ലക്നൗ വിജയിച്ചത്. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ക്യാപ്റ്റൻ കെ.എൽ.രാഹുലിന്റെ സെഞ്ചുറി മികവിൽ ലക്നൗവ് കുറിച്ച 168 റൺസ് പിന്തുടർന്ന മുംബൈയുടെ ഇന്നിങ്സ് 20 ഓവറിൽ 8  വിക്കറ്റ് നഷ്ടത്തിൽന 132 റൺസിൽ അവസാനിച്ചു. ക്യാപ്റ്റൻ രോഹിത് ശർമ (31 പന്തിൽ 39), തിലക് വർമ (27 പന്തിൽ 38), കീറോൺ പൊള്ളാർഡും (20 പന്തിൽ 19) തുടങ്ങിവർ പൊരുതിയെങ്കിലും വിജയം അപ്രാപ്യമായി.

ഒന്നാം വിക്കറ്റിൽ ഓപ്പണർ ഇഷാൻ കിഷനും (20 പന്തിൽ 8) രോഹിത് ശർമയും ചേർന്ന് 49 റൺസെടുത്തു. എട്ടാം ഓവറിൽ രവി ബിഷ്ണോയി ഇഷാന്റെ വിക്കറ്റ് വീഴ്ത്തി. തൊട്ടടുത്ത ഓവറിൽ തന്നെ രോഹിത് ശർമയെ ക്രുണാൽ പാണ്ഡ്യയും വീഴ്ത്തി. പിന്നീടെത്തിയ ഡെവാൾഡ് ബ്രവിസ് (5 പന്തിൽ 3), സൂര്യകുമാർ യാദവ് (7 പന്തിൽ 7) എന്നിവർ തിളങ്ങിയില്ല. അഞ്ചാം വിക്കറ്റിൽ തിലക് വർമയും കീറോൺ പൊള്ളാർഡും ചേർന്ന് 57 റൺസ് കൂട്ടിച്ചേർത്തു. തിലക് 18–ാം ഓവറിൽ പുറത്തായി. അവസാന ഓവറിൽ പൊള്ളാർഡിന്റെ ഉൾപ്പെടെ മൂന്നു വിക്കറ്റ് വീണു. ജയദേവ് ഉനദ്ഘട്ട് (1 പന്തിൽ 1), ഡാനിയൽ സാംസ് (7 പന്തിൽ 7) എന്നിവരാണ് പുറത്തായ മറ്റു രണ്ടു പേർ. ലക്നൗവിനായി ക്രുണാൽ പാണ്ഡ്യ മൂന്നു വിക്കറ്റും മൊഹ്സിൻ ഖാൻ, ജേസൻ ഹോൾഡർ, രവി ബിഷ്ണോയി, ആയുഷ് ബദോനി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗ, 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 168 റൺസെടുത്തത്. ഒറ്റയാൾ പ്രകടനവുമായി മുന്നിൽനിന്നു നയിച്ച ക്യാപ്റ്റൻ ‌കെ.എൽ.രാഹുലിന്റെ (62 പന്തിൽ 103*) സെഞ്ചുറിയുടെ മികവിലാണ് ലക്നൗ പൊരുതാവുന്ന സ്കോറിലെത്തിയത്. സീസണിൽ രാഹുൽ രണ്ടാം സെഞ്ചുറിയാണിത്. മുംബൈയ്‌ക്കെതിരെ തന്നെയായിരുന്നു ആദ്യ സെ‍ഞ്ചുറിയും. ഇന്നിങ്സിന്റെ നാലാം ഓവറിൽ ഓപ്പണർ ക്വിന്റൺ ഡികോക്കിനെ (9 പന്തിൽ 10) ലക്നൗവിന് നഷ്ടമായി. രണ്ടാ വിക്കറ്റിൽ ഒത്തുചേർന്ന രാഹുലും മനീഷ് പാണ്ഡെയും (22 പന്തിൽ 22) ചേർന്ന് 58 റൺസെടുത്തു. 12–ാം ഓവറിൽ ലക്നൗ സ്കോർ 85ൽ നിൽക്കെ പൊള്ളാർഡിന്റെ പന്തിൽ റിലേ മെറിഡിത്തിനു ക്യാച്ച് നൽകി മനീഷ് പാണ്ഡെ മടങ്ങി.