മുംബൈ ടീമിൽ കലഹമോ തമ്മിലടിയോ? തുടർതോൽവികളുടെ കാരണമെന്ത്?

ഇത്തവണത്തെ ഐപിഎല്ലിൽ തുടർച്ചയായി ഏഴു മത്സരങ്ങൾ തോറ്റ് ദയനീയ പ്രകടനം തുടരുകയാണ് മുംബൈ ഇന്ത്യൻസ്. അഞ്ച് തവണ രോഹിത് ശർമയുടെ കീഴിൽ കിരീടം നേടി ചരിത്രം സൃഷ്‌ടിച്ച മുംബൈ തന്നെയാണോ ഈ ദയനീയ പ്രകടനം നടത്തുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. മാത്രമല്ല സാമൂഹിക മാധ്യമങ്ങളിൽ അതിരൂക്ഷമായ വിമർശനമാണ് ടീം നേരിട്ടുകൊണ്ടിരിക്കുന്നതും.അതിനിടയിൽ മുംബൈ ഇന്ത്യൻസ് ക്യാംപിൽ ഭിന്നതയെന്ന് റിപ്പോർട്ടും പുറത്ത് വന്നിരിക്കുകയാണ്.

ടീമംഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്ന ആരോപണവുമായി ഓസീസ് താരം ക്രിസ് ലിന്നാണ് ഇപ്പോൾ രംഗത്തെത്തിയത്. 11 പേരുടെ ഒരു സംഘമല്ല, മറിച്ച് 11 വ്യക്തികളാണ് ഈ സീസണിൽ മുംബൈയ്ക്കായി കളത്തിലിറങ്ങുന്നതെന്ന് ലിൻ ആരോപിച്ചു. 2020–21 സീസണുകളിൽ മുംബൈ ടീമിൽ അംഗമായിരുന്നെങ്കിലും ഒരു മത്സരത്തിൽ മാത്രമാണ് ക്രിസ് ലിൻ കളിച്ചത്.

ക്രിസ് ലിൻ പറഞ്ഞത് ഇങ്ങനെ "മുംബൈ ഇന്ത്യൻസ് ഇത്തവണ 11 പേരുടെ ഒരു ടീമല്ല. മറിച്ച് 11 വ്യക്തികളാണ്. സമ്മർദ ഘട്ടങ്ങളിൽ ക്യാപ്റ്റനെ സഹായിക്കാൻ ടീമിലെ സീനിയർ താരങ്ങൾ എത്തുന്നില്ല. ടീമംഗങ്ങൾ പല സംഘങ്ങളായി തിരിഞ്ഞാണു മൈതാനത്ത് ചർച്ചകൾ നടത്തുന്നത്. ടീം ഡ്രസിങ് റൂമിലെ സാഹചര്യവും ഒട്ടും നല്ലതാണെന്നു തോന്നുന്നില്ല, വിജയം ഒരു ശീലമാണ്. തോൽവിയും ഒരു ശീലം തന്നെ. മുംബൈയ്ക്ക് ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും പ്രശ്നങ്ങളുണ്ട്. മാനസികമായ ചില പ്രശ്നങ്ങളും മുംബൈ ഇന്ത്യൻസ് താരങ്ങൾ നേരിടുന്നുണ്ട്. ടീമിനുള്ളിൽ വിഭാഗീയതയുണ്ടെന്ന് വ്യക്തമായ സൂചന നൽകുന്നതാണ് നമുക്കു ലഭിക്കുന്ന വിവരങ്ങൾ’ – ക്രിക്ഇൻഫോയുടെ ഒരു പരിപാടിയിൽ സംസാരിക്കുമ്പോൾ ലിൻ വെളിപ്പെടുത്തി.

‘‘തുടർച്ചയായി കളികൾ തോറ്റ് പോയിന്റ് പട്ടികയുടെ ഏറ്റവും ഒടുവിൽ കിടക്കുമ്പോൾ, ക്യാപ്റ്റനെ മുതിർന്ന താരങ്ങൾ ഉൾപ്പെടെ സഹായിക്കേണ്ടതുണ്ട്. ക്യാപ്റ്റൻ സമ്മർദ്ദത്തിലാകുമ്പോൾ കയ്റൻ പൊള്ളാർഡ് ഉൾപ്പെടെയുള്ളവർ ഡീപ് മിഡ് ഓണിൽനിന്നും മിഡ് ഓഫിൽനിന്നും ഓടിയെത്തി അദ്ദേഹത്തെ ശാന്തനാക്കുന്നത് മുൻപ് പലപ്പോഴും നാം കണ്ടിട്ടുണ്ട്, ഇത്തവണ നിർഭാഗ്യവശാൽ അത്തരമൊരു കാഴ്ച ഇതുവരെ കണ്ടിട്ടില്ല. നിലവിൽ അവർ ഗ്രൗണ്ടിൽ വിവിധ സംഘങ്ങളായിട്ടാണ് കാണപ്പെടുന്നത്. എത്രയും വേഗം ഗ്രൗണ്ടിൽനിന്ന് കയറാനാണ് മുംബൈ താരങ്ങളുടെ ശ്രമം. അത് ഒരു നല്ല അടയാളമാണെന്നു തോന്നുന്നില്ല. മുംബൈയുടെ ഡ്രസിങ് റൂമിലും ഇപ്പോൾ അന്തരീക്ഷം അത്ര നല്ലതാകാൻ വഴിയില്ല’ – ലിൻ കൂട്ടിച്ചേർത്തു.

ഇതുവരെ കളിച്ച ഏഴു മത്സരങ്ങളും തോറ്റ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസ്. അതേസമയം തുടർ തോൽവികൾക്കിടയിലും മുംബൈ ടീമിനെ പിന്തുണച്ച് ടീം മെന്റർ സച്ചിൻ തെൻഡുൽക്കർ രാഗത്ത് എത്തുകയും ചെയ്തു .കൂടുതൽ യുവാക്കൾ അടങ്ങിയ പുതിയ ടീമാണ് മുംബൈയുടേതെന്നും അവർ നിലയുറപ്പിക്കാൻ കുറച്ചുകൂടി സമയമെടുക്കുമെന്നും സച്ചിൻ പറഞ്ഞു. ട്വന്റി20 ക്രിക്കറ്റിൽ ഇത്തരം തിരിച്ചടികൾ സ്വാഭാവികമാണെന്നും രോഹിത്തിന്റെയും ഇഷൻ കിഷന്റെയും ഫോമിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യ പരിശീലകൻ മഹേള ജയവർധനെ പറഞ്ഞു.