വാർണർ ഇപ്പോഴും ‘ബാറ്റുവീശുന്നു’ ആളും ആരവുമില്ലാതെ; കണ്ണുനനയിക്കും ഇൗ വിഡിയോ

ആ കണ്ണീരിന് മുന്നിൽ ലോകം മാപ്പു നൽകിയിരുന്നോ? ചെയ്ത കുറ്റം അത്രത്തോളം വലുതുമാണ്. വിധിച്ച ശിക്ഷ അനുഭവിച്ചേ മതിയാകൂ. എങ്കിലും ഡേവിഡ് വാർണർ എന്ന ക്രിക്കറ്റ് വിസ്മയത്തിന്റെ ഇപ്പോൾ പ്രചരിക്കുന്ന വിഡിയോ ആരുടെയും കണ്ണുനിറക്കും. അത്രത്തോളം ഹൃദയത്തെ തൊട്ടുപോകും. സൂപ്പർ ഹീറോ പരിവേശത്തിൽ നിന്ന് നിമിഷങ്ങൾ കൊണ്ടാണ് മാന്യതയുടെ കളിക്ക് അവർ കളങ്കം ചാർത്തിയത്. അത് കയ്യോടെ ലോകം പിടിച്ചതോടെ മറുവാദങ്ങളൊന്നും രക്ഷയ്ക്കെത്തിയില്ല. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ആടിയുലഞ്ഞത് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് കൂടിയാണ്.  സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറണ്‍ ബെന്‍ക്രോഫ്റ്റ് എന്നീ താരങ്ങൾക്ക് ഒരുവർഷത്തേക്ക് വിലക്കും ഏർപ്പെടുത്തി.

ആരാധകരും കളിക്കളവും നഷ്ടമായി തലകുനിച്ച് അവർ ജീവിതത്തിന് മുന്നിൽ നിസാഹയതയോടെ അവർ നോക്കി കാണുന്നു. ചെയ്ത് പോയ തെറ്റിന്റെ വലിപ്പമോർത്താവണം അന്ന് അവർ വാർത്താസമ്മേളനത്തിൽ പൊട്ടികരയുകയും ചെയ്തു. അതിന് പിന്നാലെയാണ് ഡേവിഡ് വാർണറുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ആരുമില്ലാതെ ഒറ്റയ്ക്ക് നടക്കുന്ന താരം കുട്ടികളെ പോലെ ബാറ്റ് ചെയ്യുന്നതായി അനുകരിക്കുന്നു. ജീവനും ജീവിതവും ക്രിക്കറ്റിനായി സമർപ്പിച്ചവരുടെ കണ്ണും കരളും വേദനിക്കും വാർണറുടെ ഇൗ സാങ്കൽപ്പിക ബാറ്റിങ് വിഡിയോ