വോളി പാരമ്പര്യം നിലനിർത്തി വോളി ഫ്രണ്ട്സ് സ്പോർട്സ് സെന്റർ

കോഴിക്കോട്ടെ പയമ്പ്ര എന്ന ഗ്രാമത്തിന്റെ  വോളി പാരമ്പര്യം നിലനിർത്തുകയാണ്  വോളി ഫ്രണ്ട്സ് സ്പോർട്സ് സെന്റർ. നാട്ടിൻപുറത്തിന്റെ നന്മ മാത്രം കൈമുതലാക്കിയ ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്നം പൂവണിഞ്ഞ ചരിത്രമാണ് വോളി  ഫ്രണ്ട്സിന്റേത് .

 2001ല്‍  പയമ്പ്ര ഗവ. ഹയർ സെക്കൻഡറി സ്കൂൾ കേന്ദ്രീകരിച്ച് നടത്തിയ ഒരു മാസത്തെ അവധിക്കാല വോളിബോൾ കോച്ചിങ് ക്യാംപാണ് എല്ലാത്തിന്റെയും തുടക്കം.  അവധിക്കാലത്തിന് ശേഷം തുടര്‍ പരിശീലനത്തിന് സൗകര്യമില്ലാതെ വന്നതോടെ പരിസരത്തെ വോളിബോൾ പ്രേമിയായ ടി. ദിനേഷ്കുമാർ പരിശീലന നേതൃത്വം ഏറ്റെടുത്തു. 

2004ൽ രണ്ട് മാസത്തെ പ്രത്യേക ക്യാംപിൽ കുട്ടികൾക്കു പരിശീലനം നൽകുകയും ക്ലബ് രൂപവൽക്കരിക്കയും ചെയ്തതോടെയാണ് പയമ്പ്രയുടെ വോളിബോൾ ചരിത്രംമാറിത്തുടങ്ങിയത്. പത്തു വയസ്സുമുതലുള്ള 120 വിദ്യാർഥികളാണ് ഇപ്പോൾ പരിശീലനം നേടുന്നത്. 18 വർഷത്തിനിടെ നൂറിലധികം കിരീടങ്ങളാണ് വോളി ഫ്രൻ‍ഡ്സിന്റെ താരങ്ങൾ സ്വന്തമാക്കിയത്.  കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ഇന്റർ സ്കൂൾ ചാംപ്യൻഷിപ്പ് ജേതാക്കളായ പയമ്പ്ര സ്കൂൾ ടീമിലെ മുഴുവൻ പേരും വോളി ഫ്രൻഡ്സിന്റെ താരങ്ങളാണ്.  വോളി ഫ്രൻഡ്സിന്റെ ചാരിറ്റി വിഭാഗമായ 'ഉറവ'യുടെ നേതൃത്വത്തിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾ സജീവമാണ്.