രജിസ്ട്രേഷൻ ഫീസ് കുത്തനെ കൂട്ടി; അടച്ചുപൂട്ടൽ ഭീഷണിയിൽ വോളി ക്ലബ്ബുകൾ

സംസ്ഥാനത്തെ വോളിബോൾ ക്ലബ്ബുകൾക്കുള്ള രജിസ്ട്രേഷൻ‍ തുക കുത്തനെ ഉയർത്തിയ കേരള വോളിബോള്‍ അസോസിയേഷന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. 250 രൂപയായിരുന്ന രജിസ്ട്രേഷൻ ഫീസ് ഒറ്റയടിക്ക് 5000 രൂപയാക്കിയാണ് ഉയർത്തിയിരിക്കുന്നത്. ഈ മാസം 30 ന് മുമ്പ് ഫീസടച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്നുമാണ് അസോസിയേഷന്റെ നിർദ്ദേശം. 

എന്നാൽ ഇത്രയും ഭീമമായ വർധന താങ്ങാൻ ആവുന്നതിനുമപ്പുറമാണെന്ന് ഗ്രാമീണ വോളിബോള്‍ ക്ലബ്ബ് ഭാരവാഹികൾ പറയുന്നു. രജിസ്ട്രേഷൻ പുതുക്കിയില്ലെങ്കിൽ നിലവിലുള്ള ക്ലബ്ബുകൾക്കും അംഗീകാരം നഷ്ടമാകും. നാലുവര്‍ഷം തുടര്‍ച്ചയായി ജില്ലാ ചാമ്പ്യന്‍ഷിപ്പ് കളിയ്ക്കുന്ന ക്ലബുകള്‍ക്ക് 3000രൂപയാണ് പുതുക്കിയ രജിസ്ട്രേഷന്‍ ഫീസ്. പുതിയ ക്ലബുകള്‍ക്ക് ഇനിമുതല്‍ 5000രൂപയാകും രജിസ്ട്രേഷന്‍ ഫീസ്. ഫീസൊടുക്കിയതിന്റെ രസീത് സംസ്ഥാന സെക്രട്ടറിയുടെ ഓഫീസിൽ ഹാജരാക്കണമെന്നും അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്. 

അനിയന്ത്രിതമായി നടത്തിയ ഈ ഫീസ് വർധനയ്ക്കെതിരെ സ്പോർട്സ് കൗൺസിൽ ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. ഗ്രാമീണ മേഖലയിലാണ് വോളിബോളിന് ശക്തമായ വേരോട്ടമുള്ളത്. ഈ സാഹചര്യത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് ക്ലബ്ബ് ഭാരവാഹികളുടെ ആവശ്യം.