കുരുക്ക് മുറുക്കി ഭാര്യ; ഷമിയെ ഡെയർ ഡെവിള്‍സും കൈവിടുന്നു

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ കരിയർ കൂടുതല്‍ പ്രതിസന്ധിയിലേക്ക്. ബിസിസിഐ വേതനക്കരാറിൽ നിന്ന് ഒഴിവാക്കിയതിനു പിന്നാലെ ഐപിഎൽ ടീമായ ഡൽഹി ഡെയർ ഡെവിൾസും ഷമിയുമായുള്ള കരാർ പുനപരിശോധിക്കാനൊരുങ്ങുന്നു. മുഹമ്മദ് ഷമിക്കെതിരെ ഗാർഹിക പീഡനവും പരസ്ത്രീ ബന്ധവും ആരോപിച്ച് ഭാര്യ ഹസിൻ ജഹാൻ രംഗത്ത് വന്നതിനു പിന്നാലെ കൊൽക്കത്ത പൊലീസ് താരത്തിനെതിരെ കേസെടുത്തതോടെയാണ്  കരിയർ അപകടത്തിലായിരിക്കുന്നത്. 

ഈ മാസം അവസാനം ഡൽഹി ഡെയര്‍ഡെവിള്‍സ് പ്രീസീസണ്‍ ക്യാംപ് ആരംഭിക്കും. അതിനുമുൻപ് വിഷയത്തില്‍ ബിസിസിഐയുടെ ഉപദേശം തേടാനും ടീം തീരുമാനിച്ചിട്ടുണ്ട്. ടീമിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന ഒരു തീരുമാനവും ഉണ്ടാകില്ലെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ മികച്ച പേസ്ബോളർമാരിലൊരാളായ ഇരുപത്തയേഴുകാരനായ മുഹമ്മദ് ഷമി ഇന്ത്യയിലും വിദേശ മണ്ണിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്.  അടുത്തിടെ നടന്ന ദക്ഷിണാഫ്രിയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മൂന്ന് മൽസരങ്ങളിൽ നിന്ന് 15 വിക്കറ്റാണ് ഷമി വീഴ്ത്തിയത്. ഒരു അഞ്ച് വിക്കറ്റ് നേട്ടവും ഇതിലുൾപ്പെടുന്നു. ഇന്ത്യക്കായി 30 ടെസ്റ്റ് മൽസരങ്ങളിൽ നിന്ന് 110 വിക്കറ്റും ഏകദിനത്തിൽ 91 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

ഷമിക്ക് കുരുക്ക്; വധശ്രമത്തിന് കേസ്: സഹോദരനെതിരെ ലൈംഗിക കുറ്റം

അതേസമയം, ആരോപണത്തെക്കുറിച്ച് അന്വേഷിച്ച് ഷമി തെറ്റുകാരനല്ലെന്ന് കണ്ടത്തിയാൽ അദ്ദേഹത്തെ കരാരിൽ ഉൾപ്പെടുത്തിയേക്കുമെന്ന്  ബിസിസിഐ അധികൃതർ സൂചന നൽകുന്നുണ്ട്. 'ഇതൊരു വ്യക്തിപരമായ ആരോപണം മാത്രമാണ്. വ്യക്തികളുടെ സ്വകാര്യതയിൽ അതിക്രമിച്ചു കടക്കാൻ ബോർഡിനു താത്പര്യമില്ല.ആരോപണങ്ങൾ തെറ്റാണെന്ന് വിശ്വസിക്കുന്നു. ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്താണ് അദ്ദേഹത്തെ കരാരിന് പരിഗണിക്കാതിരുന്നത്. ധാർമികതയുടെ പ്രശ്നം ഇതിൽ ഉളളതിലാണ് തീരുമാനം. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് തെളിയിക്കുന്ന മുറയ്ക്ക് തിരിച്ചു വരാൻ അദ്ദേഹത്തിന് അവസരമുണ്ടാകും'. മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കരാർ റദ്ദാക്കുകയല്ല, തീരുമാനം നീട്ടിവെച്ചിരിക്കുക മാത്രമാണെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ആരോപണങ്ങളിൽ വാസ്തവമില്ലെങ്കിൽ ഷമി പരിഭവിക്കേണ്ടി കാര്യമില്ലെന്നും അദ്ദേഹം. പറഞ്ഞു. അതേസമയം കരാരിനു പുറത്തു പോകുന്നതോടെ വൻ സാമ്പത്തിക നഷ്ടമായിരിക്കും ഷമിക്ക് ഉണ്ടാകുക.