ഞാൻ കാത്തിരുന്നത് ഈ നിമിഷത്തിന് വേണ്ടി; ഹാട്രിക് നേട്ടത്തിൽ സന്തോഷമെന്ന് മുഹമ്മദ് ഷമി

കാത്തിരുന്നതത്രയും ഈ ഒരു നിമിഷത്തിന് വേണ്ടിയാണ്. ഹാട്രിക് നേട്ടത്തിന് ശേഷം മാധ്യമപ്രവർത്തകരോട് മുഹമ്മദ് ഷമിക്ക് പറയാനുണ്ടായിരുന്നത് ഇതായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനുള്ള കാത്തിരിപ്പ് ഹാട്രിക് നേട്ടത്തിൽ അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ നിറഞ്ഞ സന്തോഷമുണ്ട്. പ്രകടനത്തിൽ തീർത്തും സന്തുഷ്ടനാണ്. ഹാട്രിക് നേട്ടം തന്നെ വല്ലപ്പോഴും സംഭവിക്കുന്നതാണ്. അതും ലോകകപ്പിലെ ഹാട്രികിന് പ്രത്യേകത ഏറെയാണെന്നും ഷമി പറഞ്ഞു.

ഭുവനേശ്വർ കുമാറിന് പകരമാണ് പ്ലേയിങ് ഇലവനിൽ 28 കാരനായ ഷമിയെ ഉള്‍പ്പെടുത്തിയത്. നാല് റൺസ് മാത്രം വിട്ടുകൊടുത്തുള്ള  ഷമിയുടെ മാസ്മരിക പ്രകടനമാണ് അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. 

രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ശേഷം അടുത്തത് യോർക്കർ എറിയാനായിരുന്നു വിചാരിച്ചത്. ധോണിയും ഈ തീരുമാനം ശരിവച്ചതോടെ യോർക്കർ എറിയുകയും ഹാട്രിക് സ്വന്തമാക്കുകയുമായിരുന്നുവെന്നും താരം വെളിപ്പെടുത്തി.

 മനസ് ഏകാഗ്രമാക്കിയാണ് അവസാന ഓവർ എറിഞ്ഞത്.ബൗളർക്ക് എപ്പോളും അവസരങ്ങള്‍ കുറവായിരിക്കുമെന്നത് കൊണ്ട് മനസിൽ വിചാരിച്ചത് അതുപോലെ നടപ്പിലാക്കാനായിരുന്നു ശ്രമമെന്നും ഷമി പറഞ്ഞു. വിജയം അഫ്ഗാനൊപ്പം എന്നുറപ്പിച്ചാണ് നബി ഓരോ പന്തും നേരിട്ടത്. അതുകൊണ്ട് തന്നെ നബിയെ പുറത്താക്കാതെ വിജയിക്കുക അസാധ്യമാണെന്ന് മനസിലായിരുന്നുവെന്നും അത് നേടുന്നതിൽ ശ്രദ്ധ ചെലുത്തുകയായിരുന്നുവെന്നും ഷമി കൂട്ടിച്ചേർത്തു.