ഞാൻ വ്യത്യസ്ത ജീവി, പതിൻമടങ്ങ് വീര്യത്തോടെ തിരിച്ചെത്തും: ഹ്യൂം

ഇന്ത്യൻ ഫുട്ബോളിന്റെ മുഖച്ഛായ മാറ്റിയ ഐഎസ്എല്ലിലെ സൂപ്പർ ഹീറോ ആരെന്ന് ചോദിച്ചാൽ എല്ലാറ്റിനും ഒരുത്തരമേയുള്ളൂ. ഇയാൻ എഡ്വേർഡ് ഹ്യൂം. ലീഗിൽ ഏറ്റവും കൂടുതൽ മൽസരങ്ങൾ കളിച്ച, കൂടുതൽ ഗോളടിച്ച താരം. എന്നാൽ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശരാക്കുകയാണ് ആ വാർത്ത. ഈ സീസണിലെ തുടർന്നുള്ള മൽസരങ്ങളിൽ മലയാളികളുടെ ഹ്യൂമേട്ടന് പരുക്കുമൂലം കളിക്കാനാകില്ലെന്നത്. 

‘പോരാളികൾ വീണുപോകില്ല. പതിന്മടങ്ങ‌ു വീര്യത്തോടെ മടങ്ങിയെത്തും. കാൽമുട്ടിനു പരുക്കേറ്റ സൂപ്പർ താരം ഇയാൻ ഹ്യൂമിനു സീസണിലെ മറ്റു കളികൾ നഷ്ടപ്പെട്ടേക്കും. ഹ്യൂമിന്റെ അസുഖം വേഗം ഭേദമാകാൻ പ്രാർഥിക്കാം’– കേരള ബ്ലാസ്റ്റേഴ്സ് ട്വിറ്ററിൽ കുറിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ട്വീറ്റു ചേർത്ത് ഇയാൻ ഹ്യൂം വികാരനിർഭര കുറിപ്പാണു പങ്കുവച്ചത്. 

‘കഠിനമായ തീരുമാനമായിരുന്നു അത്. പുറത്തിരിക്കുകയെന്നതു സഹിക്കാനാവില്ല. പക്ഷെ, മഞ്ഞപ്പടയുടെ ആരാധകരേ എന്നെ വിശ്വസിക്കൂ. ഞാനൊരു വ്യത്യസ്ത ജീവിയാണ്. കൂടുതൽ ശക്തിയോടെ, മികച്ച ഫിറ്റ്നസുമായി ഞാൻ ടീമിൽ തിരികെയെത്തും.’– ഹ്യൂം പറഞ്ഞു. 

പ്രഥമ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനൽവരെ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച കനേഡിയൻ താരം ഇത്തവണ തുടക്കത്തിൽ ഫോമിലല്ലായിരുന്നു. ഒടുവിൽ പഴയ കൂട്ടുകാരൻ ഡേവിഡ് ജയിംസ് എത്തിയതോടെ മുപ്പത്തിനാലുകാരനായ ഹ്യൂം ഉഷാറായി. ഡൽഹിക്കെതിരെ ഉജ്വലമായൊരു ഹാട്രിക്കോടെയായിരുന്നു തിരിച്ചുവരവ്. ഐഎസ്എല്ലിൽ 25 ഗോളുകൾ എന്ന നാഴികക്കല്ലു പിന്നിടുകയും ചെയ്തു. കേരളം വീണ്ടും ആവേശത്തോടെ വിളിച്ചുതുടങ്ങി. ഹ്യൂമേട്ടാ...