ഹ്യൂമിനോട് നന്ദികേട് കാട്ടിയോ..? അതോ പ്രൊഫഷണല്‍ തീരുമാനമോ?

ഇയാൻ ഹ്യൂം വീണ്ടും മഞ്ഞക്കുപ്പായം അഴിക്കുകയാണ്. മറാത്താ വീര്യവുമായെത്തുന്ന പൂണെ സിറ്റിയുടെ ഓറഞ്ച് കുപ്പായത്തിലാണ് ഇനി മലയാളിയുടെ ഹ്യൂമേട്ടനെ കാണാനാവുക. എന്നും കേരള ബ്ലാസ്റ്റേഴ്സിനെയും മഞ്ഞപ്പടയെയും നെഞ്ചോട് ചേർത്തു നിർത്തിയിട്ടുള്ള ഇയാൻ ഹ്യൂം ഒട്ടും സന്തോഷത്തോടെയല്ല തട്ടകം മാറുന്നത്. കഴിഞ്ഞ സീസണിന്‍റെ പാതിവഴിയിൽ പരുക്കേറ്റ ഹ്യൂമുമായുള്ള കരാർ പുതുക്കേണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിക്കുകയായിരുന്നു. ടൂർണമെൻറിനായി ഹ്യൂം പൂർണമായി ഫിറ്റ് അല്ല എന്നായിരുന്നു മാനേജ്മെൻറിന്‍റെ വിശദീകരണം. ഒു സീസൺ കൂടി ബ്ലാസ്റ്റേഴ്സിനൊപ്പം കളിക്കാൻ ആഗ്രഹിച്ച ഹ്യൂമിനെ സംബന്ധിച്ച് ഏറെ അപ്രതീക്ഷിതമായിരുന്നു ഈ തീരുമാനം. അൽപം വൈകാരികമായി തന്നെയാണ് ഹ്യൂം കേരള ബ്ലാസ്റ്റേഴ്സിൻറെ തീരുമാനത്തോട് പ്രതികരിച്ചതും. 

ഇയാൻ ഹ്യൂം പൂർണമയും ഫിറ്റല്ല എന്നറിഞ്ഞ് തന്നെയാണ് പൂണെ ഹ്യൂമിനെ മറാത്താ സംഘത്തിലേക്ക് ക്ഷണിച്ചത്. ഹ്യൂമാകട്ടെ ഇരുകൈയ്യും നീട്ടി ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. പൂണെയുമായി കരാർ ഒപ്പിട്ടതിനെ ഹ്യം വിശേഷിപ്പിച്ചത് വളരെ എളുപ്പത്തിലെടുത്ത തീരുമാനം എന്നാണ്. തന്നെ ഒഴിവാക്കിയ ബ്ലാസ്റ്റേഴ്സിന്‍റെ തീരുമാനത്തോടുള്ള അതൃപ്തിയും ആ വാക്കുകളിലുണ്ടായിരുന്നു. പൂണെ സിറ്റിയുടെ പ്രസ്താവന അനുസരിച്ചാണെങ്കിൽ മൂന്നു മാസം വേണ്ടി വരും ഹ്യൂമിന് പൂർണമായി ശാരീരിക ക്ഷമത കൈവരിക്കാൻ. ഗ്രൗണ്ടിലിറങ്ങാൻ ശാരീരിക ക്ഷമത കൈവരിച്ചിട്ടില്ലെങ്കിലും ഹ്യൂം ഉടൻ പൂണയ്ക്കൊപ്പം ചേരും. പൂണെയുടെ പ്രീ സീസൺ മൽസരങ്ങളിൽ ഹ്യൂം ടീമിനെ അനുഗമിക്കുമെന്ന് പൂണെ അറിയിച്ചു കഴിഞ്ഞു.

ഹ്യൂമിന്‍റെ പേരിൽ ആരാധകരിലും രണ്ടു പക്ഷമുണ്ട്. ഹ്യൂമിനോട് മാനേജ്മെൻറ് നന്ദികേട് കാട്ടിയെന്ന് ഒരു വിഭാഗം സങ്കടപ്പെടുന്നു. പരുക്കിൽ നിന്ന് മോചിതനാകാത്ത ഹ്യൂമിനെ ടീമിൽ എടുക്കേണ്ട എന്നത് തികച്ചും പ്രഫഷനലായ തീരുമാനമാണെന്ന് മറുവിഭാഗം ചൂണ്ടിക്കാണിക്കുന്നു. എന്തായാലും ആരാധകർ ഒറ്റക്കെട്ടായി പറയുന്ന ഒരു കാര്യമുണ്ട്. ഏതു ടീമിന്‍റെ ജഴ്സിയിലെത്തിയാലും കൊച്ചിയിൽ ഞങ്ങളുടെ ആരവങ്ങൾ ഹ്യൂമേട്ടനായും ഉണ്ടാകും. 

കഴിഞ്ഞ സീസണിലും ഇയാൻ ഹ്യൂമിനെ ടീമിലെത്തിക്കാൻ പൂണെ സിറ്റി ശ്രമിച്ചിരുന്നു. അന്ന് പൂണെ നൽകിയ മികച്ച ഓഫർ വേണ്ടെന്ന് വച്ചാണ് ഹ്യൂം കേരളത്തിലേക്ക് വന്നത്. ബ്ലാസ്റ്റേഴ്സ് ആരാധകരുമായുള്ള ആത്മബന്ധമായിരുന്നു ഈ തീരുമാനത്തിന്‍റെ പ്രധാനകാരണം. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സിൽ നിന്ന് ഹ്യൂമിനെ തിരിച്ച് പിടിക്കുമ്പോൾ പൂണെയ്ക്കിത് മധുരമായ ഒരു പ്രതികാരം കൂടിയാണ്. ഹ്യൂമിനൊപ്പം മാഴ്സലീഞ്ഞോയും അൽഫാരോയും ചേരുമ്പോൾ പൂണെയെ തളയ്ക്കാൻ എതിരാളികൾ അൽപം പാടുപെടും.