ഡൽഹിക്കെതിരെ ബ്ലാസ്റ്റേഴ്സിനെ തുണച്ചത് ആ മൂന്ന് ഘടകങ്ങൾ: ഹ്യൂം

ഡൽഹി ഡൈനാമോസി‌നെതിരായ മൽസരത്തിൽ തന്നെ പ്രചോദിപ്പിച്ചത് മൂന്ന് കാര്യങ്ങളാണെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഹ്യൂമേട്ടൻ. മൽസരത്തിന്റെ ആദ്യ പകുതിയിൽ ടീം മോശം പ്രകടനമാണ് കാഴ്ചവച്ചത്. രണ്ടാം പകുതിയിൽ ടീം ബ്ലാസ്റ്റേഴ്സ് ഡൽഹിക്ക് തിരിച്ചടി നൽകി. ഇതിനു പിന്നിൽ ടീമിനുവേണ്ടി പോരാടുന്ന കളിക്കാരും കൂടാതെ  ക്ലബിനൊപ്പമുള്ളവരും മികച്ച പങ്കുവഹിച്ചു. ബ്ലാസ്റ്റേഴ്സിന്റെ കരുത്തായ ആരാധകരുടെ പിന്തുണയോടെ അവരുടെ മുന്നിൽ ആദ്യ ഗോൾ നേടിയത് പറഞ്ഞറിയിക്കാനാവാത്ത അനുഭവമാണ്. തന്റെ ഗോൾ നേട്ടത്തിന് മക്കൾ സാക്ഷിയായതും മികച്ച അനുഭവമായിരുന്നെന്ന ് ഹ്യും. ആരാധകർക്കും ഇയാൻ ഹ്യും  നന്ദി പറഞ്ഞു.

അവസാന നാലില്‍ ഇടംപിടിക്കണമെങ്കില്‍ എല്ലാമല്‍സരങ്ങളും ജയിച്ചേ മതിയാകൂ എന്ന ഘട്ടത്തിലാണ് ഡൽഹി ഡൈനാമോസിനെതിരായുള്ള  ബ്ലാസ്റ്റേഴ്സിന്റെ ജയം. 13–ാം മൽസരത്തിൽ സീസണിലെ അഞ്ചാം വിജയം കുറിച്ച ബ്ലാസ്റ്റേഴ്സ് 17 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി. 

ഗോളുകൾ വന്ന വഴി

ഡൽഹിയുടെ ആദ്യ ഗോൾ: ഡൽഹിയുടെ മികവിനേക്കാൾ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം കെ.പ്രശാന്തിന്റെ മണ്ടത്തരം സമ്മാനിച്ച ഗോളിലാണ് സന്ദർശകർ കൊച്ചിയുടെ കളിമുറ്റത്ത് ലീഡ് സ്വന്തമാക്കിയത്. ബോക്സിനുള്ളിലേക്ക് ചുവടുവച്ചു കയറിയ ഡൽഹി താരം സെയ്ത്യാസെൻ സിങ്ങിനെ ബോക്സിനുള്ളിൽ വലിച്ചു താഴെയിട്ട പ്രശാന്തിന്റെ പിഴവിൽനിന്ന് ഡൽഹിക്ക് അനുകൂലമായി പെനൽറ്റി. കിക്കെടുത്ത കാലു ഉച്ചെയ്ക്ക് പിഴച്ചില്ല. സുഭാശിഷ് റോയിക്ക് യാതൊരു അവസരവും നൽകാതെ പന്ത് വലയിൽ. സ്കോർ 1–0.

ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ: രണ്ടാം പകുതി തുടങ്ങി രണ്ടു മിനിറ്റിനുള്ളിൽ ബ്ലാസ്റ്റേഴ്സ് ആദ്യ വെടി പൊട്ടിച്ചു. ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച കോർണറിൽനിന്നായിരുന്നു ഗോളിന്റെ വരവ്. ജാക്കിചന്ദ് സിങ് ഉയർത്തിവിട്ട പന്തിന് കണക്കാക്കി ദീപേന്ദ്ര നേഗി കാലുവയ്ക്കുമ്പോൾ ഒപ്പത്തിനൊപ്പം ഡൽഹിയുടെ ആദ്യ ഗോൾ നേടിയ കാലു ഉച്ചെയുമുണ്ടായിരുന്നു. പിൻവലിഞ്ഞു നിന്ന് ദീപേന്ദ്ര നേഗി തഴുകിവിട്ട പന്ത് കാലു ഉച്ചെയുടെ ശിരസിൽ തട്ടി നേരെ വലയിൽ. ഉച്ചെയുടെ സെൽഫ് ഗോളാണോ എന്ന് സംശയം ഉയർന്നെങ്കിലും ഗോൾ നേഗിയുടെ പേരിൽത്തന്നെ. സ്കോർ 1–1. കൊച്ചിയുടെ കളിമുറ്റത്ത് പുത്തൻ താരോദയമായി നേഗി.

ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ: ആദ്യ ഗോളിന് വഴിയൊരുക്കിയ ദീപേന്ദ്ര നേഗി തന്നെ രണ്ടാം ഗോളിന്റെയും ശിൽപി. മികച്ചൊരു മുന്നേറ്റത്തിലൂടെ ഡൽഹി ബോക്സിലേക്കു കയറിയ നേഗിയെ വീഴ്ത്തിയ പ്രതീക് ചൗധരിക്ക് മഞ്ഞക്കാർ‍ഡും ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനൽറ്റിയും. കിക്കെടുത്ത ഹ്യൂമിന് പിഴച്ചില്ല. പന്തു നേരെ വലയിൽ. പെനൽറ്റിയിലൂടെ പിന്നിലായ ബ്ലാസ്റ്റേഴ്സ് മറ്റൊരു പെനൽറ്റിയിലൂടെ വിജയഗോൾ നേടുന്ന സുന്ദരമായ കാഴ്ച. സ്കോർ 2–1.