യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസ്; രണ്ട് പേര്‍ അറസ്റ്റില്‍

മൂന്നാര്‍ പെരിയവാരൈ കവലയില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കന്നിമല എസ്റ്റേറ്റ് സ്വദേശികളായ വി. കാര്‍ത്തിക്, എം മദന്‍കുമാര്‍ എന്നിവരെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റു രണ്ട് പ്രതികളിലൊരാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. പെരിയവാരൈ കവലയിലെ ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഇവിടെ വര്‍ക്ക് ഷോപ്പ് നടത്തിപ്പുകാരനായ യുവാവ് രാമറിന് കുത്തേല്‍ക്കുകയായിരുന്നു. തലേദിവസം രാമറിന്‍റെ പിതാവ് അയ്യാദുരൈയുമായി ഉണ്ടായ തര്‍ക്കത്തിന്‍റെ തുടര്‍ച്ചയായാണ് സംഘര്‍ഷം . അയ്യാദുരൈ ഓട്ടോ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന പ്രതികളില്‍ ഒരാളുടെ ഓട്ടോ പിന്നോട്ടാക്കി തന്‍റെ ഓട്ടോ മുമ്പില്‍ പാര്‍ക്ക് ചെയ്തു. പ്രതികള്‍ ഇത് ചോദ്യം ചെയ്ത് അയ്യാദുരൈയെ മര്‍ദിച്ചു.. ഇതില്‍ കലിപൂണ്ട മകന്‍ രാമര്‍ പിറ്റേന്ന് പ്രതികളെ ചോദ്യം ചെയ്തതോടെ സംഘര്‍ഷമുണ്ടാവുകയും കുത്തേല്‍ക്കുകയുമായിരുന്നു. സംഭവശേഷം ഒളിവില്‍ പോയ പ്രതികള്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റെന്ന് കാട്ടി അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇതിനിടെയാണ് മൂന്നാര്‍ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മുനിയാണ്ടിരാജ്, മാടസാമി എന്നീ രണ്ട് പ്രതികളെയാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്. മുനിയാണ്ടിരാജ് സംഘര്‍ഷത്തില്‍ പരിക്കേറ്റ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തുടരുകയാണ്. ചികിത്സ കഴിയുന്ന മുറയ്ക്ക് അറസ്റ്റ് ചെയ്യും. മാടസാമിയാണ് ഒളിവില്‍ കഴിയുന്നത്. അതേസമയം, അറസ്റ്റിലായ കാര്‍ത്തിക്കിനെയും മദന്‍കുമാറിനെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

The case of stabbing; Two people were arrested