പകൽ വില പറഞ്ഞുറപ്പിച്ചു; ആടുമായി രാത്രിയിൽ മുങ്ങി; കുടുക്കിയത് കാറിലെ രോമം

തെന്മല: പകൽ വില പറഞ്ഞുറപ്പിച്ച ആടുമായി രാത്രിയിൽ ആരുമറിയാതെ മുങ്ങിയ വിരുതൻമാർ തെന്മല പൊലീസിന്റെ പിടിയിൽ. കഴിഞ്ഞ ആഴ്ച ചാലിയക്കര ചെറുതന്നൂർ കുഞ്ഞപ്പിയുടെ വീട്ടിൽ കാറിലെത്തിയ 4 യുവാക്കൾ ആടിനു വില പറഞ്ഞെങ്കിലും വിൽപന നടന്നില്ല. ഇതിനു 2 ദിവസത്തിന് ശേഷമാണ് 2 ആടുകളെ കാണാതായത്. 

ഉടൻതന്നെ തെന്മല പൊലീസിൽ പരാതി നൽകി. തുടർന്ന് ഈ ഭാഗത്തെ സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും രാത്രിയിൽ പോയ വാഹനങ്ങളൊന്നും കണ്ടെത്താനായില്ല. പകൽ ഇതുവഴി പോയ ചുവന്ന കാർ കേന്ദ്രീകരിച്ച് നടത്തി അന്വേഷണം കാർ വാടകയ്ക്ക് നൽകുന്ന ആളിലെത്തി.

ഇയാളുടെ വീട്ടിലുണ്ടായിരുന്ന കാറിൽ പൊലീസ് നടത്തിയ പരിശോധനയിൽ ആടിന്റെ രോമവും മറ്റും കണ്ടെത്തി. തുടർന്ന് കാറുടമ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളായ 4 യുവാക്കളെ ചിതറയിൽ നിന്നു പിടികൂടുകയായിരുന്നു. പുന്നല സ്വദേശി സുനിൽകുമാർ, കടയ്ക്കൽ സ്വദേശി ശ്യാം, കോട്ടുക്കൽ സ്വദേശി അജാസ്, ഇട്ടിവ സ്വദേശി അനസ് എന്നിവരാണ് പിടിയിലായത്. 

തെന്മല ഇൻസ്പെക്ടർ കെ.ശ്യാം, എസ്ഐ സുബിൻ തങ്കച്ചൻ, എഎസ്ഐ പ്രതാപൻ, അനീഷ്, ചിന്തു, സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവർ സ്ഥിരം ആട് മോഷ്ടാക്കളാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.