കാസർകോട് വൻ ലഹരിമരുന്ന് വേട്ട; 70 ഗ്രാം എംഡിഎംഎ പിടിച്ചു; യുവാക്കൾ അറസ്റ്റിൽ

കാസർകോട് കുതിരപ്പാടിയിൽ വൻ ലഹരി മരുന്ന് വേട്ട. 70 ഗ്രാം എം.ഡി.എം.യുമായി യുവാക്കൾ അറസ്റ്റിൽ. ലഹരി മരുന്ന് കടത്തുന്നതിനിടെ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

കാസർകോട് ജില്ലയിൽ ലഹരി ഉപയോഗം തടയുന്നതിനായി ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള ക്ലീൻ കാസർകോടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇന്നലെ രാത്രി ബൈക്കിൽ മാരക ലഹരി മരുന്നായ എം.ഡി.എം.എ കടത്തുകയായിരുന്ന രണ്ട് പേരെയാണ് വിദ്യാനഗർ പൊലീസ് അറസ്റ്റു ചെയ്തത്.

ഉളിയത്തടുക്ക സ്വദേശി അഹമ്മദ് നിയാസ്, പത്തനംതിട്ട കോന്നി സ്വദേശി ഇജാസ് അസീസ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ചോദ്യം ചെയ്തതിലൂടെ ബെംഗളൂരുവിൽ നിന്നാണ് ലഹരി മരുന്ന്എത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഇവർക്ക് ലഹരി മരുന്ന് എത്തിച്ചു നൽകുന്ന  സംഘങ്ങളിലെ പ്രധാന കണ്ണികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. ഒരാഴ്ചയ്ക്കിടെ പിടികൂടുന്ന മൂന്നാമത്തെ ലഹരിമരുന്നു വേട്ടയാണിത്. വരും ദിവസങ്ങളിലും പരിശോധന കൂടുതൽ ശക്തമാക്കാനാണ്‌ പൊലീസിന്റെ തീരുമാനം.