ഹരികൃഷ്ണയുടെ മുഖത്തിടിച്ചു; അബദ്ധം പറ്റിയെന്നു പ്രതി; വിശ്വസിക്കാതെ പൊലീസ്

ചേർത്തല: വീട്ടിലെത്തിയ ശേഷമുണ്ടായ തർക്കത്തെത്തുടർന്ന് താൻ ഹരികൃഷ്ണയുടെ മുഖത്തിടിച്ചെന്ന് രതീഷ് പൊലീസിനോടു പറഞ്ഞതായി അറിയുന്നു. ഹരികൃഷ്ണ ഓടിപ്പോകാൻ ശ്രമിച്ചപ്പോൾ വലിച്ചു മുറിക്കുള്ളിലാക്കി. എന്നാൽ, ഹരികൃഷ്ണ ബോധരഹിതയായോ, മരണം സംഭവിച്ചത് എങ്ങനെയെന്നോ ഒന്നും വ്യക്തമായിട്ടില്ലെന്നു പൊലീസ് പറഞ്ഞു. ഹരികൃഷ്ണയുടെ മൃതദേഹത്തിൽ മണൽ പറ്റിയിരുന്നു. ചെരിപ്പ് അഴിച്ചിരുന്നില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും പ്രത്യക്ഷത്തിൽ കാണാനില്ല.

വസ്ത്രങ്ങളിൽ കാര്യമായ കേടുപാടില്ല. മുറിയിലേക്കു വലിച്ചിഴച്ചപ്പോഴാകാം, ദേഹത്തു മണൽ പുരണ്ടതെന്നു പൊലീസ് സംശയിക്കുന്നു. തന്റെ കുട്ടികളിൽ ആർക്കെങ്കിലും അസുഖമാണെന്നോ മറ്റോ തെറ്റിദ്ധരിപ്പിച്ച് രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്കു കൊണ്ടുപോയതാകാമെന്നും സംശയിക്കുന്നു. അബദ്ധം പറ്റിയതാണെന്നാണു രതീഷ് പറഞ്ഞത്. എന്നാൽ, പൊലീസ് ഇതു വിശ്വസിച്ചിട്ടില്ല. സംഭവിച്ച കാര്യങ്ങൾ കുറെയൊക്കെ രതീഷ് പറഞ്ഞെങ്കിലും വിശദമായി ചോദ്യം ചെയ്തിട്ടില്ല. രതീഷിനെ ഇന്നു കോടതിയിൽ ഹാജരാക്കും.

ഞെട്ടലിൽ നാട് 

യുവതിയെ സഹോദരീഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കടക്കരപ്പള്ളി ഗ്രാമത്തിനു ഞെട്ടലും നൊമ്പരവുമായി. ഇന്നലെ രാവിലെ ആറോടെയാണ് നാട്ടുകാരിൽ പലരും സംഭവം അറിഞ്ഞത്. ഹരികൃഷ്ണയുടെയും രതീഷിന്റെയും ബന്ധുക്കളും നാട്ടുകാരും രതീഷിന്റെ വീട്ടിലേക്കെത്തി. വൻ പൊലീസ് സംഘവും ഫൊറൻസിക്, വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. മന്ത്രി പി.പ്രസാദ്, മുൻമന്ത്രി പി.തിലോത്തമൻ, ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ്, എഎസ്പി എ.നസീം, ചേർത്തല ഡിവൈഎസ്പി വിനോദ് പിള്ള തുടങ്ങിയവരും എത്തിയിരുന്നു.