പരിശീലനത്തിനിടെ ചവിട്ടി തുടയെല്ലു പൊട്ടിച്ചു; മറ്റൊരു വിദ്യാര്‍ഥിനിയും രംഗത്ത്

കോഴിക്കോട് കട്ടിപ്പാറയില്‍ പീഡനത്തിന് അറസ്റ്റിലായ കായിക അധ്യാപകന്‍ വി.ടി മിനീഷിനെതിരെ ഗുരുതര പരാതിയുമായി മറ്റൊരു വിദ്യാര്‍ഥിനി കൂടി. പരിശീലനത്തിനിടെ വിദ്യാര്‍ഥിനിയെ ചവിട്ടി തുടയെല്ലു പൊട്ടിച്ചെന്നാണ് പരാതി. ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ജുവനൈല്‍ ആക്ട് പ്രകാരവും താമരശേരി പൊലിസ് അധ്യാപകനെതിരെ കേസെടുത്തു.

ഒരു കായിക താരത്തിന്റെ വാക്കുകളാണിത്.(വിഡിയോ കാണുക) പരിശീലനത്തിനിടെ  ഇക്കഴിഞ്ഞ മാര്‍ച്ച് 19 നാണ്   കായിക അധ്യാപകന്‍ വി.ടി മിനീഷ് ക്രൂരമായി മര്‍ദിച്ചത്. തളര്‍ന്നു വീണ ഉടന്‍ ശരീരത്തില്‍ ചവിട്ടി. ദാഹിച്ചപ്പോള്‍ വെള്ളം നല്‍കരുതെന്ന് മറ്റ് കുട്ടികളോട് പറഞ്ഞു. ചവിട്ടി പരുക്കേറ്റതാണെന്ന് പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തി.ഭീഷണി ഭയന്ന് വീണതാണെന്ന് കുട്ടി വീട്ടില്‍ പറഞ്ഞു.ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും ഈ അധ്യാപകന്‍ അനുവദിച്ചില്ല. മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പരിശോധനിച്ച ഡോക്ടര്‍ ഇത്  വീണുണ്ടായതല്ല ഈ പരുക്കെന്ന് പറഞ്ഞു. പക്ഷെ അധ്യാപകനെ ഭയന്ന് കുട്ടി ഒന്നും പുറത്തു പറഞ്ഞില്ല.

സ്കൂളിലെ മറ്റൊരു കുട്ടിയുടെ അമ്മയാണ്  മര്‍ദന വിവരം  പറഞ്ഞത്. തുടര്‍ന്നാണ് കാര്യങ്ങള്‍ മനസിലായത്. ഇപ്പോഴും കുട്ടി ചികില്‍സയിലാണ്. പോക്സോ കേസില്‍ അറസ്റ്റിലായ മിനിഷിനെ ഇന്നലെ സ്കൂളില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശ പ്രകാരം സസ്പെന്‍ഡ് ചെയ്തിരുന്നു.