കേരളത്തിലേക്ക് കടക്കാൻ വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; അന്വേഷണം

തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടക്കാന്‍ വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കുന്ന മാഫിയ സംഘങ്ങള്‍ സജീവമെന്ന് പൊലീസ്. വ്യാജ സര്‍ട്ടിഫിക്കറ്റുമായെത്തിയ തമിഴ്നാട് സ്വദേശികളെ പിടികൂടി  ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തായത്. മാഫിയ സംഘങ്ങളെ കുറിച്ച് കേരള തമിഴ്നാട് പൊലീസ് സംയുക്തമായി അന്വേഷണം തുടങ്ങി. 

പൊലീസ് പരിശോധനയെ പോലും നോക്കുകുത്തിയാക്കിയാണ് പ്രതികള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ആളുകളെ അതിര്‍ത്തി കടത്തുന്നത്. തമിഴ്നാട് ആരോഗ്യ വകുപ്പിന്റെ സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളും കോവിഡ് സര്‍ട്ടിഫിക്കറ്റും പരിശോധിച്ച് മാത്രമാണ് ചെക്പോസ്റ്റു വഴി കേരളത്തിലേക്ക് കടത്തി വിടുന്നത്. ഇതറിയാതെ പാസുമാത്രമായി എത്തിയ കമ്പം സ്വദേശി വിജയകുമാർ, പന്നൈപ്പുറം സ്വദേശി വേൽ മുരുകൻ എന്നിവരെ സംശയം തോന്നി ചോദ്യം ചെയ്തപ്പോള്‍ വ്യാജ പാസ് നിര്‍മിക്കുന്ന സംഘങ്ങളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നല്‍കുന്ന ഉത്തമപാളയം സ്വദേശികളായ സതീഷ് കുമാര്‍, മുരുകന്‍ എന്നിവര്‍ കുടുങ്ങിയത്.

പ്രതികളിൽ നിന്ന് കംപ്യൂട്ടറും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. കേരളത്തിലും അനധികൃതമായി ആളുകളെ തമിഴ്നാട്ടിലേക്ക് കയറ്റി വിടുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.  ഇവരിലേക്കും വരും ദിവസങ്ങളിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.