ലഹരി നല്‍കി പീഡനം: പ്രതികള്‍ ഒത്തുകൂടിയിരുന്ന ലോഡ്ജ് പൂട്ടണമെന്നു പൊലീസ്

പാലക്കാട് തൃത്താലയില്‍ ലഹരിനല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ പതിവായി ഒത്തുകൂടിയിരുന്ന പട്ടാമ്പി പാലത്തിന് സമീപത്തെ ലോഡ്ജിന്റെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് പൊലീസ്. ലോഡ്ജിലെ നിയവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കി തൃത്താല സി.ഐ കലക്ടര്‍ക്ക് നല്‍കിയ അപേക്ഷയുടെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. സ്ഥാപനം നിര്‍ത്തിവയ്ക്കാന്‍ നിയമപരമായ ഇടപെടല്‍ നടത്തുമെന്ന് തൃത്താല പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. 

രണ്ട് പീഡനക്കേസുകള്‍ ഉള്‍പ്പെടെ പണം വച്ച് ചീട്ട് കളിയും അടിപിടിയും ലോഡ്ജില്‍ നിത്യസംഭവമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. കറുകപുത്തൂരില്‍ ലഹരിനല്‍കി പീഡനത്തിനിരയാക്കിയ പെണ്‍കുട്ടിയെയും സംഘം ലോഡ്ജിലെത്തിച്ചു. തൃത്താല പൊലീസ് സ്റ്റേഷനില്‍ മൂന്ന് കേസുകളും ചാലിശ്ശേരി, പട്ടാമ്പി സ്റ്റേഷനുകളില്‍ ഓരോ കേസുമാണ് ലോഡ്ജുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

പോക്സോ കേസുള്‍പ്പെടെ പല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും സ്ഥാപനം കേന്ദ്രീകരിച്ചുണ്ടെന്ന് കാട്ടി സ്പെഷല്‍ ബ്രാഞ്ച് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രാത്രിയുടെ മറവില്‍ സ്ത്രീകളെ എത്തിക്കുന്നതും പതിവാണ്. പരിശോധനയുണ്ടായാല്‍ പിന്‍വാതിലിലൂടെ രക്ഷപ്പെടാന്‍ വഴിയൊരുക്കും. ഈ സാഹചര്യത്തിലാണ് ഗുരുതര പരാതി ഉയര്‍ന്ന സ്ഥാപനം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് തൃത്താല പൊലീസ് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത്. അമിതലാഭം ഉണ്ടാക്കുന്നതിനുള്ള ബോധപൂര്‍വമായ ഉദ്ദേശമാണ് ഉടമകള്‍ക്കുള്ളതെന്നും കത്തിലുണ്ട്.  

കറുകപുത്തൂരിലെ പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് മദ്യവും ലഹരിയും നല്‍കി പീഡിപ്പിച്ച കേസിന്റെ അന്വേഷണത്തിലാണ് ഞാങ്ങിട്ടിരിയിലെ സ്വകാര്യ ലോഡ്ജിലെ ദുരൂഹത കൂടുതല്‍ പുറത്ത് വന്നത്. കേസില്‍ അറസ്റ്റിലായ മൂന്ന് യുവാക്കളും ലോഡ്ജ് നടത്തിപ്പുകാരും തമ്മിലുള്ള ബന്ധവും പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.