പ്രതിയുടെ സൈക്കിൾ പൊലീസ് ജീപ്പിന്റെ മുകളിൽ!, സ്വയം മുറിവേൽപിച്ച് കള്ളന്‍; നാടകീയത

കൊല്ലം: ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ കളർകോട് പേരൂർ കോളനിയിൽ സുമേഷ്(36)ആണ് അറസ്റ്റിലായത്. താമരക്കുളം, ഇരവിപുരം ഭാഗത്തെ 2 ക്ഷേത്രങ്ങളുടെ കാണിക്ക വഞ്ചികൾ തകർത്താണ് മോഷണം നടത്തിയത്. കഴിഞ്ഞ ജനുവരിയിൽ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നു ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ സുമേഷ് കൊല്ലം കേന്ദ്രീകരിച്ചാണ് മോഷണം നടത്തി വന്നത്.

ഇയാൾക്കെതിരെ നേരത്തെ കരുനാഗപ്പള്ളി, ഒ‍ാച്ചിറ പൊലീസ് സ്റ്റേഷനുകളിൽ സമാന തരത്തിലുള്ള കേസുകളുണ്ട്. ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ഷാഫി, എസ്ഐ ദിൽജിത്ത്, സിപിഒ സുനിൽകുമാർ, രാജഗോപാൽ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തെളിവെടുപ്പിനിടെ സ്വയം മുറിവേൽപിച്ചു

സുമേഷിനെ തെളിവെടുപ്പിനായി താമരക്കുളം ചിറ്റടി മഹാദേവ ക്ഷേത്രത്തിൽ കൊണ്ടു വന്നു തിരികെ പൊലീസ് ജീപ്പിൽ കയറ്റവെ വിലങ്ങുകൾ വച്ച് സ്വയം നെറ്റിയിൽ ഇടിച്ചു മുറിവേൽപിച്ചു. ചോദ്യം ചെയ്യലിനിടെ പ്രകോപനമുണ്ടാക്കിയ സുമേഷ് ക്ഷേത്രത്തിന് പുറത്തേക്കു വന്നപ്പോൾ ക്യാമറകൾ കണ്ടതോടെ കുതറി ഒ‍ാടാനും മുഖം മറയ്ക്കാനും ശ്രമിച്ചു. സമീപത്തു നിന്നവരെ അസഭ്യം  പറയാനും തുടങ്ങി. പ്രതിയെ പിന്നീട് ജില്ലാ ആശുപത്രിയിലേക്കു കൊണ്ടു പോയി.  സുമേഷിന്റെ സൈക്കിൾ പൊലീസ് ജീപ്പിന്റെ മുകളിൽ കെട്ടി വച്ചാണു തെളിവെടുപ്പിനു കൊണ്ടു വന്നത്.