വൈഗയുടെ മരണവും സനുവിന്റെ നാടുവിടലും ആസൂത്രിതം; സ്വത്ത് തേടി പൊലീസ്

മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ (13) പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ സനു മോഹന‌ു കേരളത്തിൽ എവിടെയെങ്കിലും സ്വത്തുക്കളുണ്ടോയെന്നറിയാൻ റജിസ്ട്രേഷൻ വകുപ്പിന്റെ സഹായം തേടി പൊലീസ്. പുണെയിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തി പണവുമായാണു വർഷങ്ങൾക്കു മുൻപു സനു കേരളത്തിലേക്ക‌ു തിരികെ എത്തിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. സമീപകാലത്തോ നേരത്തെയോ സനുവിന്റെ പേരിൽ വസ്തു ക്രയവിക്രയം നടന്നിട്ടുണ്ടോയെന്നറിയാനാണ് ശ്രമം.

ഒളിവിൽ കഴിയുന്ന സനുവിന്റെ സാമ്പത്തിക സ്ഥിതി ബോധ്യപ്പെടാൻ കൂടിയാണ് അന്വേഷണം. വൈഗയുടെ മരണത്തെ തുടർന്നു നാടുവിട്ടെന്നു കരുതുന്ന സനുവിന്റെ കൈവശം അധികം പണമൊന്നുമില്ലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. വിശ്വസ്തരായ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ പണത്തിനു വേണ്ടി സനു വിളിക്കുമെന്ന പ്രതീക്ഷ പൊലീസിനുണ്ടായിരുന്നു. സംശയമുള്ള മുഴുവൻ പേരുടെയും ഫോൺ വിവരങ്ങൾ ശേഖരിച്ചിട്ടും സനു ബന്ധപ്പെട്ടതിന്റെ തെളിവൊന്നും ലഭിച്ചില്ല.

വൈഗയുടെ മരണവും തന്റെ നാടുവിടലും സനു നേരത്തെ ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഏതെങ്കിലും ബാങ്കിൽ പുതിയ അക്കൗണ്ട് തുറന്നു പണം നിക്ഷേപിച്ച ശേഷമാകും സനു മുങ്ങിയതെന്ന നിഗമനവും പൊലീസിനുണ്ടായിരുന്നു. ഒളിവിൽ കഴിയുന്ന സ്ഥലങ്ങളിലെല്ലാം ചെലവിനുള്ള പണം എടിഎം കാർഡ് ഉപയോഗിച്ചു പിൻവലിക്കാനുള്ള സാധ്യതയും പരിശോധിച്ചിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും പുതുതലമുറയിലേതുൾപ്പെടെ എല്ലാ ബാങ്കുകളിലും സനുവിന്റെ ആധാർ നമ്പർ വച്ച് അന്വേഷിച്ചെങ്കിലും പുതിയ അക്കൗണ്ടുകളൊന്നും കണ്ടെത്തിയില്ല.

അന്വേഷണത്തിന് ആറു സംഘങ്ങൾ

സനു മോഹനെ കണ്ടെത്താൻ പൊലീസിന്റെ ഒരു സംഘം ഉടൻ കൊൽക്കത്തയിലേക്ക‌ു പോകുമെന്നു സൂചന. ഇതുൾപ്പെടെ പുതിയ ഇടങ്ങളിലേക്കു പോകാൻ 6 ടീമുകളാണ് പൊലീസ് രൂപീകരിച്ചത്. കോയമ്പത്തൂരിൽ ഒരാഴ്ചയായി ക്യാംപ് ചെയ്യുന്ന അന്വേഷണ സംഘം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊൽക്കത്തയിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്. സനുവിന്റെ പഴയ ബിസിനസ് താവളമായ പുണെയിലേക്കും പൊലീസിനെ അയയ്ക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്.