ഡിവൈഎഫ്ഐ നേതാവിന് നേരെ ആസിഡ് ആക്രമണം; സാരമായ പൊള്ളൽ

കോതമംഗലത്ത് കുടുംബങ്ങള്‍ തമ്മിലുള്ള വഴക്കില്‍ ഡിവൈഎഫ്ഐ നേതാവിന് നേരെ ആസിഡ് ആക്രമണം. സാരമായ പൊള്ളലേറ്റ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്‍റ് ജിയോ പയസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ശനിയാഴ്ച രാത്രി ചേലപ്പാട് മിനിപ്പടിയില്‍ വച്ച് കാരകൊമ്പില്‍ പയസ് എന്നയാളാണ് ആക്രമണം നടത്തിയത്. ജിയോ പയസ്, പിതാവ് അവിരാപാട്ട് പയസ്, ജിയോയുടെ സുഹൃത്ത് അല്‍ത്താഫ് കബീര്‍ എന്നിവര്‍ക്കാണ്  പരുക്കേറ്റത്. ആക്രമണത്തിന് ശേഷം സ്കൂട്ടറില്‍ രക്ഷപെട്ട പ്രതിയെ ഒരു സംഘം ആക്രമിക്കുകയും വാഹനം കത്തിക്കുകയും ചെയ്തു. 

തലയ്ക്ക് സാരമായി പരുക്കേറ്റ കാരക്കൊമ്പില്‍ പയസിനെ കോലഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിരാപാട്ട് പയസിന്‍റെയും കാരകൊമ്പില്‍ പയസിന്‍റെയും കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വഴക്കിന്‍റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസത്തെ സംഭവവികാസങ്ങള്‍.