വിവാഹാഭ്യര്‍ഥന നിരസിച്ചു; 3 കുട്ടികളുടെ അമ്മയ്ക്ക് നേരെ ആസിഡ് ആക്രമണം; അറസ്റ്റ്

വിവാഹ അഭ്യര്‍ഥന നിരസിച്ചെന്ന കാരണത്താല്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. വിവാഹ ബന്ധം വേര്‍പിരിഞ്ഞ മൂന്ന് കുട്ടികളുടെ അമ്മയാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. 36കാരനായ ഫാക്ടറിയിലെ സഹപ്രവര്‍ത്തകന്‍ അഹമ്മദാണ് യുവതിയെ ആക്രമിച്ചത്. 

വലതു കണ്ണിലടക്കം ഗുരുതരമായി പൊള്ളലേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തെന്നും കാഴ്ചശക്തി ഭാഗികമായി തിരികെ ലഭിച്ചെന്നും സുഖം പ്രാപിക്കുമെന്നും ബെംഗളൂരു സൗത്ത് ഡിസിപി ഹരീഷ് പാണ്ഡെ പറഞ്ഞു. 

കഴിഞ്ഞ കുറേ ദിവസമായി ഇയാൾ യുവതിയെ വിവാഹം കഴിക്കാനായി നിർബന്ധിക്കുകയാണെന്നും പൊലീസ് പറഞ്ഞു. എന്നാൽ വിവാഹാഭ്യർഥന യുവതി നിരസിച്ചതോടെ ഇയാൾ യുവതിയെ മർദ്ദിക്കുകയും ആക്രമിക്കുകയും ചെയ്തെന്ന് ഡിസിപി പറഞ്ഞു. സംഭവത്തിൽ പ്രതിയെ തമിഴ്‌നാട്ടിലെ ആശ്രമത്തിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.