സമൂഹമാധ്യമത്തിലൂടെ സൗഹൃദം, വിദ്യാർഥിനിയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തു; യുവാവ് പിടിയിൽ

പ്രതീകാത്മക ചിത്രം

സമൂഹമാധ്യമത്തിലൂടെ വിദ്യാർഥിനിയോടു സൗഹൃദം സ്ഥാപിച്ചു സ്വർണവും പണവും തട്ടിയെടുക്കുന്ന സംഘത്തിലെ യുവാവ് പിടിയിൽ. കാവാലം കട്ടക്കുഴിച്ചിറ ജോസ്ബിനെ (19) പോക്സോ നിയമപ്രകാരം ചങ്ങനാശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്.9–ാം ക്ലാസ് വിദ്യാർഥിനിയുമായി സൗഹൃദം സ്ഥാപിച്ച് അഞ്ചര പവൻ സ്വർണാഭരണങ്ങളാണ് ഇയാൾ തട്ടിയെടുത്തത്. 2020 ജൂൺ മുതൽ പെൺകുട്ടിയുമായി സമൂഹമാധ്യമത്തിലൂടെ സന്ദേശം അയച്ചു സൗഹൃദം സ്ഥാപിച്ച ജോസ്ബിൻ ആദ്യം 2 ഗ്രാം തൂക്കമുള്ള കമ്മലും തുടർന്നു പാദസരം, മാല തുടങ്ങിയ ആഭരണങ്ങളും തട്ടിയെടുത്തെന്നു മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.

രാത്രി വീടിനു മുൻപിൽ ബൈക്കുകൾ എത്തുന്നതു ശ്രദ്ധയിൽപെട്ടതോടെ മാതാപിതാക്കൾ പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചിരുന്നു. ഇതോടെയാണു പ്രതിയുമായി കൈമാറിയ സന്ദേശങ്ങൾ കണ്ടെത്തിയത്. സ്വർണാഭരണങ്ങൾ ആലപ്പുഴയിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്നു പൊലീസ് കണ്ടെടുത്തു.എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ ക്രൈം എസ്ഐ രമേശൻ, ആന്റണി മൈക്കിൾ, പി.കെ.അജേഷ് കുമാർ, ജീമോൻ എന്നിവരാണ് അന്വേഷണം നടത്തിയത്