ജെല്ലിക്കെട്ടില്‍ പരുക്കേറ്റപ്പോള്‍ മറ്റൊരാളെ ഇറക്കി ആള്‍മാറാട്ടം; ജയിച്ച് കാറും സ്വന്തമാക്കി

ജെല്ലിക്കെട്ടിലും ആള്‍മാറാട്ടം. ലോകപ്രശസ്തമായ മധുര അളങ്കനെല്ലൂര് ജെല്ലിക്കെട്ടിലാണ് ഒന്നാം സ്ഥാനത്തെത്തിയ ആള്‍ ആള്‍മാറാട്ടം നടത്തിയത്. മല്‍സരത്തിനിടെ കാളയുടെ ആക്രമണത്തില്‍ പരുക്കേറ്റപ്പോള്‍ സംഘാടകരെയും കാണികളെയും കബളിപ്പിച്ചു മറ്റൊരാളെ ഇറക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സംഘാടക സമിതി ചെയര്‍മാനായ ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

തമിഴ് വികാരമാണ് ജെല്ലിക്കെട്ട്. കൂടുതല്‍ പോരുകാളകളെ പിടിച്ചുനിര്‍ത്തുന്നവനെ കാത്തിരിക്കുന്നതു കാറും ബൈക്കും അടങ്ങിയ ലക്ഷങ്ങളുടെ സമ്മാനങ്ങളാണ്. കഴിഞ്ഞ 16 നു മധുരയിലെ അളങ്കനെല്ലൂരില്‍ നടന്ന  ജെല്ലിക്കെട്ടിലെ വിജയിക്കായുള്ള കാറ് തട്ടിയെടുക്കാന്‍ ആള്‍മാറാട്ടം നടന്നെന്നാണു പരാതി. സംഭവം ഇങ്ങിനെയാണ്. ഈ കാണുന്ന ഗ്രൗണ്ടില്‍ കാളകളെ പിടിച്ചു നിര്‍ത്തുന്നയാളുടെ മുഖം നോക്കി മനസിലാക്കാന്‍ പ്രയാസമാണ്. ജഴ്സി നമ്പറാണ് സാധാരണ സംഘാടകള്‍ നോക്കുന്നത്.

ഇവിടെയാണ് തട്ടിപ്പിനുള്ള പഴുതും. 11 തവണ കാളകളെ പിടിച്ചു നിര്‍ത്തിയ കണ്ണനെന്നയാളാണ് ഇത്തവണത്തെ വിജയി. എന്നാല്‍ മല്‍സരത്തിന്റെ തുടക്കത്തില്‍  33ാം നമ്പര്‍ ജഴ്സില്‍ കളത്തിലറങ്ങിയ കണ്ണന്‍ മൂന്നു കാളകളെ െമരുക്കി മുന്നിട്ടുനില്‍ക്കുന്നതിനിടെ പരുക്കേറ്റു. മൈതാനത്തിന്റെ അരികിലെ വേലിക്കടത്തുവച്ച് ആരും കാണാതെ ജഴ്സി ഹരികൃഷ്ണന്‍ എന്ന മറ്റൊരാള്‍ക്കു കൈമാറിയെന്നാണു പരാതി. ഹരിക‍ൃഷ്ണനാണു പിന്നീട് 9 കാളകളെ മെരുക്കിയത്. 

രണ്ടാം സ്ഥാനത്ത് എത്തിയ കറുപ്പണ്ണന് പരാതി നല്‍കിയതോടായണു തട്ടിപ്പു ശ്രദ്ധയില്‍പെട്ടത്. പരാതി പരിശോധിച്ച മധുര ജില്ലാ കലക്ടര്‍  അന്‍പഴകന്‍ അന്വേഷണത്തിനു ഉത്തരവിട്ടു. മല്‍സരത്തിന്റെ സംഘാടകരും  ഇതേ പരാതിയുമായി കലക്ടറെ സമീപിച്ചിട്ടുണ്ട്. മല്‍സരത്തിനായുള്ള റജിസ്ട്രേഷന്‍  രേഖകളും വീഡിയോകളും പരിശോധിച്ചതിനുശേഷമാകും തുടര്‍നടപടിയുണ്ടാകുക. ജില്ലാ കലക്ടര്‍മാര്‍ക്കാണു ജെല്ലിക്കെട്ട് നടത്തിപ്പിന്റെ ചുമതല.