ജെല്ലിക്കെട്ടിനിടെ കാളകളെ ഗ്രൗണ്ടില്‍ ഇറക്കുന്നതു സംബന്ധിച്ചു തര്‍ക്കം; 2 പേർക്ക് കുത്തേറ്റു

ജെല്ലിക്കെട്ടിനിടെ കാളകളെ ഗ്രൗണ്ടില്‍ ഇറക്കുന്നതു  സംബന്ധിച്ചു തര്‍ക്കം. മധുരയില്‍ രണ്ടുപേര്‍ക്കു കുത്തേറ്റു ഗുരുതര പരുക്ക്.ഇന്നലെ നടന്ന അവനിയാപുരം ജെല്ലികെട്ടിനിടെയാണ് സംഭവം  

മധ്യതമിഴ്നാടന്റെ ജീവനാണ് ജെല്ലികെട്ട്. ഈ ആവേശകൊടുമുടി പലപ്പോഴും അക്രമത്തിലും കലാശിക്കാറുണ്ട്. അവനിയാപുരത്തു നടന്ന ജെല്ലിക്കെട്ടിനിടെ ഉണ്ടായതും അതാണ്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം കൊണ്ടു ശ്രദ്ധേയമായ ജെല്ലികെട്ടിനിടെയാണു രണ്ടു വിഭാഗങ്ങള്‍ ഏറ്റുമുട്ടിയത്. ഗ്രൗണ്ടിലേക്കുള്ള  പ്രവേശന കവാടമായ വാടിവാസലിലേക്കു കാളകളെ കയറ്റുന്നതു സംബന്ധിച്ചായിരുന്നു തര്‍ക്കം.  

17 കാരന്റെ ആക്രണത്തില്‍ കാള ഉടമകളായ  ദേവേന്ദ്രന്‍, അരുണ്‍ കുമാര്‍ എന്നിവര്‍ക്കു കുത്തേറ്റു. 17 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു മാറ്റിയതിനെ തുടര്‍ന്നാണു വന്‍ സംഘര്ഷം ഒഴിവായത്. കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തില്‍  ഗ്രൗണ്ടില്‍  പ്രതിഷേധിച്ച അഞ്ചു ജെല്ലികെട്ടു വീരന്മാരെ  ഇന്നു രാവിലെ സ്വന്തം  ജാമ്യത്തില്‍ വിട്ടയച്ചു. പൊതുപരിപാടി തടസപെടുത്താന്‍ ശ്രമിച്ചതിനാണു കേസ്. നിയമഭേദഗതിയെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണയ്ക്കുന്നതിനാല്‍  ഫലത്തില്‍ പ്രതിഷേധം അണ്ണാ ഡി.എം.കെ സര്‍ക്കാരിനെതിരെയുള്ള സമരമായി മാറി.