ഒ​ാക്സിജൻ സിലിണ്ടറുമായി പുഴയിൽ; മീൻകുഞ്ഞുങ്ങളെ ജീവനോടെ പിടിക്കും: പിടിവീണു

ഓക്സിജൻ സിലിണ്ടറുമായി പുഴയിലിറങ്ങി മീൻകുഞ്ഞുങ്ങളെ ജീവനോടെ പിടിക്കുന്നു. പുഴയിലെ കരിമീൻ ഉൗറ്റിയെടുത്ത് ലക്ഷങ്ങളുടെ മത്സ്യക്കച്ചവടം നടത്തുന്ന സംഘത്തെ ഫിഷറീസ് വകുപ്പ് പിടികൂടി. കർമ റോഡിന് സമീപത്തെ തുരുത്തിൽനിന്നു നേർത്ത കണ്ണികളുള്ള വലകൾ ഉപയോഗിച്ച് മീൻ കുഞ്ഞുങ്ങളെ ഉൗറ്റിയെടുക്കുന്നതാണ് പിടികൂടിയത്. 

2.5 ലക്ഷം രൂപ വിലവരുന്ന കരിമീൻ കുഞ്ഞുങ്ങളെയാണ് വഞ്ചിയിൽ ശേഖരിച്ചു വച്ചിരുന്നത്. സംഭവത്തിൽ വെളിയങ്കോട് സ്വദേശികളായ 2 പേർ പിടിയിലായി. ഉദ്യോഗസ്ഥ സംഘത്തെ കണ്ട് 4 പേർ കടന്നുകളഞ്ഞു. ഇരട്ട ലയറിലുള്ള പ്ലാസ്റ്റിക് കവറുകളിൽ ഓക്സിജൻ നിറച്ചാണ് മീൻ കുഞ്ഞുങ്ങളെ പാക്കറ്റിലാക്കിയിരുന്നത്. ഓക്സിജൻ സിലിണ്ടറും വള്ളവും വലയും പിടികൂടി. ലൈസൻസില്ലാത്ത വള്ളങ്ങളിൽ മീൻപിടിത്തം നടത്തിയതിനും പൂർണ വളർച്ചയെത്താത്ത മീൻകുഞ്ഞുങ്ങളെ നിരോധിത വലകൾ ഉപയോഗിച്ച് പിടികൂടിയതിനുമാണ് കേസ് ചുമത്തിയിരിക്കുന്നത്. 

പിടിച്ചെടുത്ത കരിമീൻ കുഞ്ഞുങ്ങളെ ഫിഷറീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിരിച്ച് പുഴയിൽ നിക്ഷേപിച്ചു. ഭാരതപ്പുഴയോരത്ത് സമാനമായ രീതിയിൽ മീൻപിടിത്തം നടത്തുന്നത് മുൻപും പിടികൂടിയിരുന്നു. അനധികൃത മീൻപിടിത്തം തടയുന്നതിന് പുഴയോരത്ത് പരിശോധന കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. പരിശോധനയ്ക്ക് ഫിഷറീസ് എക്സറ്റൻഷൻ ഓഫിസർ കെ.ശ്രീജേഷ്, തീരദേശ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ എം.പി.പ്രണവേഷ്, കോസ്റ്റൽ വാർ‍ഡൻ അഫ്സൽ, റെസ്ക്യൂ ഗാർഡ് സമീർ എന്നിവർ നേതൃത്വം നൽകി.